ബുധന്‍, 22 ഫെബ്രുവരി 2012

logo

അവന്‍ പറഞ്ഞു: പ്രാര്‍ത്ഥന കൊണ്ടല്ലാതെ മറ്റ് ഒന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല (മര്‍‍. 9:29)


പ്രത്യേക ജപങ്ങള്‍

( കാലങ്ങളായി മലയാളത്തില്‍ പലയിടങ്ങളില്‍ പ്രചാരത്തിലിരിക്കുന്നതും, കാലഹരണപ്പെട്ടുപോയതുമായ പല ചെറു ജപങ്ങള്‍ )

കര്‍ത്താവിന്‍റെ കല്ലറജപം നല്ലമരണത്തിനുള്ള വെള്ളിയാഴ്ച ജപം
നല്ലമരണത്തിനുള്ള നമസ്കാരം ഇന്നു മരിക്കുന്നവര്‍ക്കുള്ള ജപം

 


കര്‍ത്താവിന്‍റെ കല്ലറജപം

ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്‍റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! തിന്മയുള്ള ഏല്ലാ കൂട്ടങ്ങളും എന്നെ ബാധിക്കാതെ കാത്തുകൊള്ളണമേ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! എന്‍റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ കാത്തുരക്ഷിക്കേണമേ. ഓ! വിശുദ്ധ കുരിശേ! അപകടമരണത്തില്‍ നിന്ന്‌ എന്നെ കാത്തു രക്ഷിക്കേണമേ. എല്ലായ്പ്പോഴും ഓ! സ്ലീവാമേല്‍ തൂങ്ങപ്പെട്ട നസറായക്കാരന്‍ ഈശോയേ! എപ്പോഴും എന്നന്നേയ്ക്കും എന്‍റെമേല്‍ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പുജിത ബഹുമാനത്തിനായിട്ടും തന്‍റെ ദിവ്യപങ്കപ്പാടിന്‍റെ മാഹാത്മ്യതയെക്കുറിച്ചും, തന്‍റെ പരിശുദ്ധ പുനരുദ്ധാനത്തിന്‍റെയും ദൈവത്തോടൊത്ത ആരോഹണത്തിന്‍റെയും മഹിമയെക്കുറിച്ചും എന്നെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുചെല്ലുവാന്‍ തിരുമനസ്സായല്ലോ. നത്താള്‍ദിവസത്തില്‍ ഈശോമിശിഹാ സത്യമായിട്ടും തൊഴുക്കൂട്ടില്‍ പിറന്നതിനെക്കുറിച്ചും പതിമൂന്നാം ദിവസത്തില്‍ മൂന്നു പൂജരാജാക്കള്‍ സത്യമായിട്ടു കാണിക്ക അണച്ചതിനെക്കൊണ്ടും, ദുഃഖവെള്ളിയാഴ്ച ഈശോമിശിഹാ സത്യമായിട്ടു ഗാഗുല്‍ത്താ മലപ്പുറത്തു കുരിശിന്മേല്‍ തൂങ്ങപ്പെട്ടതിനെക്കുറിച്ചും താന്‍ സത്യമായിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെക്കൊണ്ടു കാണാവുന്നതും കാണ്മാന്‍ വഹിയാത്തതുമായ എന്‍റെ ശത്രുക്കളില്‍ നിന്നു ഈശോമിശിഹായുടെ യോഗ്യതകളാല്‍ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്നെ കാത്തുരക്ഷിച്ചുകൊള്ളണമേ. ഓ! ദിവ്യകര്‍ത്താവീശോമിശിഹായേ, എന്നെ അനുഗ്രഹിക്കേണമേ. ശുദ്ധമറിയമേ, യൗസേപ്പേ, എനിക്കു വേണ്ടി അപേക്ഷിക്കേണമേ. നിക്കോദിമോസും യൗസേപ്പും നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരം സ്ലീവായില്‍ നിന്നെടുത്തു കബറടക്കം ചെയ്തുവല്ലോ. ഓ! എന്‍റെ ദിവ്യകര്‍ത്താവീശോമിശിഹായെ താന്‍ ഏറ്റ പീഡകള്‍ കൊണ്ടു പാപം നിറഞ്ഞ ഈ ഭൂമിയില്‍ നിന്നു സത്യമായിട്ടു തന്‍റെ തിരുവാത്മാവു വേര്‍പിരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്‍റെ കുരിശു ക്ഷമയോടുകൂടി ചുമക്കുവാനും എന്‍റെ സങ്കടം ഞെരുക്കത്തോടും ഭയത്തോടും സഹിക്കുവാനും അതില്‍ ആവലാതിപ്പെടാതെ ഇരിക്കുവാനും തന്‍റെ ദുഃഖപീഡകളെക്കുറിച്ചു സകല ആപത്തുകളില്‍ നിന്നും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും ഞാന്‍ രക്ഷപ്പെടുമാറാകട്ടെ.

ആമ്മേന്‍


നല്‍‍മരണം പ്രാപിക്കുവാന്‍ വെള്ളിയാഴ്ച തോറും ചൊല്ലേണ്ട ജപം

ദൈവമേ! ഞങ്ങള്‍ നിന്‍റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കുവാന്‍ ഞങ്ങളുടെ അധരങ്ങളെ തുറക്കണമേ. ഈ നമസ്കാരം ഞങ്ങള്‍ ഭക്തിയോടുകൂടെ ജപിച്ച് ഈ അപേക്ഷകളെ അങ്ങു കൃപയായി കൈക്കൊള്ളുന്നതിനു ഞങ്ങളുടെ മനസ്സില്‍ വെളിവിനെ ചിന്തിയരുളണമേ. നിന്‍റെ സ്നേഹം ഞങ്ങളുടെ ഹൃദയത്തില്‍ കത്തിച്ചെരിയിക്കണമേ.
ആമ്മേന്‍

ദൈവമേ, നിന്‍റെ സഹായത്താല്‍ ഞങ്ങളെ തൃക്കണ്‍പാര്‍ക്കണമേ. കര്‍ത്താവേ, എന്‍റെ സഹായത്തിനു വേഗം വരണമേ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

 

(തുടര്‍ന്ന്, ഈശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു തന്‍റെ അഞ്ചു തിരുമുറിവുകളുടെ ജപം ഭക്തിയോടുകൂടെ ചൊല്ലുക. ശേഷം, ചെയ്ത പാപങ്ങളില്‍ മനസ്താപപ്പെട്ടുകൊണ്ട് മുഴുവന്‍ മനസ്താപപ്രകരണം ചൊല്ലുക)

 


നല്ലമരണത്തിനുള്ള നമസ്കാരം

ഈശോമിശിഹാ കര്‍ത്താവേ, എന്‍റെ ഉടയവനേ, എന്‍റെ രക്ഷിതാവേ, എന്‍റെ ശരണമേ, എന്‍റെ ആയുസ്സേ, എന്‍റെ മധുരമേ, എന്‍റെ ആത്മാവിനെയും ശരീരത്തെയും അങ്ങേ തിരുമുറിവുകളില്‍ കാഴ്ച വെയ്ക്കുന്നു. കുന്തത്താല്‍ തുറക്കപ്പെട്ട അങ്ങേ തിരുഹൃദയത്തില്‍ എന്‍റെ ആയുസ്സിനെയും മരണത്തെയും സമര്‍പ്പിക്കുന്നു. നിന്‍റെ പീഡകളുടെ യോഗ്യതയെ എന്നെ അനുഭവിപ്പിക്കണമേ. എന്‍റെ മരണമേരത്തില്‍ എന്നെ കൈവിടല്ലേ. സ്വര്‍ഗ്ഗത്തില്‍ അങ്ങേ പ്രത്യക്ഷദര്‍ശനമായി കാണുവാന്‍ ഞാന്‍ അഗ്രഹിക്കുന്നു. ആയതല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാവാ തമ്പുരാനേ, ഞാന്‍ ചെയ്ത പാപങ്ങളൊക്കെയും പൊറുത്തു കൊള്ളണമേ. പുത്രന്‍ തമ്പുരാനേ! എന്നെ രക്ഷിക്കണമേ. റൂഹാദക്കുദശാ തമ്പുരാനേ, എന്നെ ശുദ്ധമാക്കേണമേ. ശുദ്ധ ത്രിത്വൈക സര്‍വ്വേശ്വരാ! എന്നെ മോക്ഷഭാഗ്യം പ്രാപിപ്പിക്കേണമേ. നീ മാത്രം സത്യേകദൈവവും സകലത്തിനും ആദിയുമറുതിയും ആയിരിക്കുന്നതിനെക്കൊണ്ടു ഞാന്‍ നിന്നെ ആരാധിച്ചു സ്തുതിക്കുന്നു.

ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ പരിശുദ്ധ പിതാവേ, നിന്‍റെ ആനന്ദദര്‍ശനത്തിന്‌ എന്നെ വിളിച്ചരുളേണമേ. നിന്‍റെ തിരുനാമം എല്ലാ സൃഷ്ടികളിലും ശുദ്ധമാകപ്പെടട്ടെ. അടിയന്‍ അപേക്ഷിക്കുന്ന സ്വര്‍ഗ്ഗമെന്ന നിന്‍റെ രാജ്യം വരണമേ. നിന്‍റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ ഭൂമിയിലുമാകട്ടെ. ഞങ്ങളുടെ അന്നന്നെയപ്പമായ നിന്‍റെ സല്പ്രസാദഭോജനമാകുന്ന ശുദ്ധ കുര്‍ബാന എന്‍റെ മരണനേരത്തില്‍ അരൂപിക്കടുത്ത പ്രകാരമായിട്ടെങ്കിലും എനിക്കു തരുവാന്‍ കൃപ ചെയ്തരുളണമേ. മറ്റുള്ളവര്‍ എന്നോടു ചെയ്ത വിരോധങ്ങളൊക്കെയും അവരോടു ഞാന്‍ പൊറുക്കുന്നതു പോലെ ഞാന്‍ നിനക്കു വിരോധമായി ചെയ്ത പാപങ്ങളൊക്കെയും എന്നോടു പൊറുത്തുകൊള്ളണമേ. ഞങ്ങളെ പരീക്ഷയില്‍ ഉള്‍പ്പെടുത്താതെ ദുര്‍മ്മരണം, നരകം മുതലായ സകല തിന്മകളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ കര്‍ത്താവേ!

ശുദ്ധ മറിയമേ! തമ്പുരാന്‍റെ അമ്മേ, പാപിയായ എനിക്കുവേണ്ടി ഇപ്പോഴും പ്രത്യേകം എന്‍റെ മരണനേരത്തിലും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ. എന്നെ കൈവിടല്ലേ, എനിക്കു തുണയായിരിക്കേണമേ.

ശുദ്ധ യൗസേപ്പേ! മരിക്കുന്നവര്‍ക്കു ഉറപ്പായി ദൈവത്താല്‍ കല്പിക്കപ്പെട്ടവനെ, മരണനേരത്തില്‍ എന്നെ കാത്ത് ആദരിച്ചുകൊള്ളണമേ.

എന്നെ കാക്കുന്ന മാലാഖയേ! സകല സ്വര്‍ഗ്ഗവാസികളേ, എന്‍റെ മരണനേരത്തില്‍ ശത്രുവിന്‍റെ തട്ടിപ്പുകളൊക്കെയും ജയിക്കുവാന്‍ എനിക്കുവേണ്ടി തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമെന്നു നിന്നോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

 


ഇന്നു മരിക്കുന്നവര്‍ക്കുമേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു മരണവേദനയിലിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തെക്കുറിച്ചു ചൊല്ലേണ്ട ദോഷപൊറുതിയുള്ള ജപം

ആത്മാവുകളുടെ സ്നേഹമായിരിക്കുന്ന എത്രയും ദയയുള്ള ഈശോയേ, നിന്‍റെ തിരുഹൃദയം പൂങ്കാവനത്തിലും കുരിശുമരണത്തിന്മേലും അനുഭവിച്ച മരണാവസ്ഥയേയും നിന്‍റെ പരിശുദ്ധ മാതാവ് അനുഭവിച്ച വ്യാകുലങ്ങളേയും കുറിച്ച് ലോകമൊക്കെയിലുമുള്ള സകല പാപികളേയും, മരണവേദനയിലിരിക്കുന്നവരേയും, ഇന്നു മരിക്കുന്നവരേയും നിന്‍റെ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കണമേ. മരണവേദനയിലിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെ മേല്‍ കൃപ ചെയ്യണമേ.
ആമ്മേന്‍

 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking. Transliteration by Microsoft