തിങ്കള്‍, 6 ഫെബ്രുവരി 2012

logo

എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ശത്രുക്കളെ സ്നേഹിക്കുവിൻ‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്‌ക്കുവിന്‍ (മത്താ. 5:44)


സപ്രാ

(ഞായറാഴ്‌ചകളിലും തിരുനാളുകളിലും ചൊല്ലേണ്ട ക്രമം)

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

(തിരുനാളിന്റെ പ്രത്യേക സ്ലോസാ ഇല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്നത് ചൊല്ലുന്നു)

സ്ലോസാ

കാര്‍മ്മി: കര്‍ത്താവേ, അങ്ങേ പ്രകാശം ഞങ്ങളില്‍ വീശുകയും അങ്ങേ ആഗമനത്താല്‍ ഞങ്ങളെ ആനന്ദിപ്പിക്കുകയും ചെയ്യണമേ. നിന്റെ ദിവ്യരഹസ്യത്തില്‍ ഞങ്ങളെ പങ്കാളികളാക്കണമേ. മാലാഖാമാരുടെ ഗണങ്ങളോടുകൂടെ അങ്ങേ ആരാധ്യമായ ത്രിത്വത്തെ കൃതജ്ഞതാപൂര്‍വ്വം പാടിപ്പുകഴ്‌ത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. സകലത്തിന്മേലും അധികാരമുള്ള സ്രഷ്ടാവും സൃഷ്ടികളുടെ സേവനം ആവശ്യമില്ലാത്തവനും തന്റെ ജ്ഞാനത്തില്‍ ഭൗമീയര്‍ക്കും മാലാഖാമാര്‍ക്കും അപ്രാപ്യനും സകലത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

സങ്കീര്‍ത്തനത്തിന്റെ ആദ്യപാദം കാനോനയോടുകൂടെ മ്ശംശാന ചൊല്ലുമ്പോള്‍ ഒന്നാം ഗണം സങ്കീര്‍ത്തനവാക്യം ആവര്‍ത്തിക്കുകയും സമൂഹം തുടര്‍ന്നു ചൊല്ലി ത്രിത്വസ്തുതിയോടുകൂടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. മ്ശംശാന സങ്കീര്‍ത്തനാരംഭം കാനോനയോടുകൂടെ ആവര്‍ത്തിച്ചശേഷം നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ എന്നു ചൊല്ലുന്നു. മറ്റു സങ്കീര്‍ത്തനങ്ങളും ഇങ്ങനെതന്നെയാണ് ചൊല്ലേണ്ടത്.

മ്‌ശം: (സങ്കീ. 100) ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (കാനോന) പ്രകാശദാതാവായ കര്‍ത്താവേ, നിനക്കു ഞങ്ങള്‍ സ്തുതി സമര്‍പ്പിക്കുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
സന്തോഷപൂര്‍വ്വം അവിടുത്തെ പൂജിക്കുവിന്‍
കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട്
നമ്മുടെ കര്‍ത്താവും ദൈവവുമായ
അവിടുത്തെ തിരുമുമ്പില്‍ പ്രവേശിക്കുവിന്‍
അവിടുന്നു നമ്മുടെ സ്രഷ്ടാവാകുന്നു
നാം അവിടുത്തെ അജങ്ങളും ജനവുമാകുന്നു
സ്തോത്രങ്ങള്‍ പാടിക്കൊണ്ട്
അവിടുത്തെ വാതിലുകള്‍ കടക്കുവിന്‍
കീര്‍ത്തനങ്ങളാലപിച്ചുകൊണ്ട്
അങ്കണത്തിലേയ്ക്കു പ്രവേശിക്കുവിന്‍
നന്ദി നിറഞ്ഞ ഹൃദയത്തോടെ
അവിടുത്തെ നാമം കീര്‍ത്തിക്കുവിന്‍
കര്‍ത്താവു നല്ലവനും കാരുണ്യവാനുമാകുന്നു
അവിടുത്തെ വിശ്വസ്തത എന്നും നിലനില്‍ക്കും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (കാനോന) പ്രകാശദാതാവായ കര്‍ത്താവേ, നിനക്കു ഞങ്ങള്‍ സ്തുതി സമര്‍പ്പിക്കുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളങ്ങേയ്ക്കു സ്തുതിയും സ്തോത്രവുമര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങു സകലത്തിന്റെയും നാഥനും സ്രഷ്ടാവും സകലര്‍ക്കും പ്രകാശം നല്‌കുന്നവനുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 91) അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു. (കാനോനാ) ഞങ്ങളുടെ രക്ഷകനായ മിശിഹായേ, നിന്നിലുള്ള പ്രത്യാശ സ്തുത്യര്‍ഹമാകുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

അത്യുന്നതന്റെ സംരക്ഷണമുള്ളവനും
ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു
“എന്റെ ആശ്രയവും സങ്കേതവും അങ്ങാകുന്നു” എന്ന്
കര്‍ത്താവിനോടു പറയുക
ദുഷ്ടന്മാരുടെ കെണിയില്‍ നിന്നും
വ്യര്‍ത്ഥമായ സംഭാഷണത്തില്‍ നിന്നും
അവിടുന്നു നിന്നെ രക്ഷിയ്ക്കും
തന്റെ തൂവലുകള്‍ കൊണ്ട്
അവിടുന്നു നിന്നെ മറച്ചുകൊള്ളും
തന്റെ ചിറകുകളുടെ കീഴില്‍
അവിടുന്നു നിന്നെ കാത്തുകൊള്ളും
രാത്രിയുടെ ഭീകരതയും
പകല്‍ പറക്കുന്ന അസ്ത്രവും
നീ ഭയപ്പെടേണ്ട
ഇരുട്ടില്‍ മുഴങ്ങുന്ന വചനവും
മദ്ധ്യാഹ്നത്തിലടിക്കുന്ന കൊടുങ്കാറ്റും
നീ ഒട്ടും പേടിക്കേണ്ട
ആയിരങ്ങള്‍ നിന്റെ പാര്‍ശ്വഭാഗത്തു വീഴും
പതിനായിരങ്ങള്‍ നിന്റെ വലതുഭാഗത്തും
എങ്കിലും അവരാരും നിന്നെ സ്പര്‍ശിക്കയില്ല
നീ അവരെയെല്ലാം കാണും
ദുഷ്ടനു കിട്ടുന്ന പ്രതിഫലം നീ ദര്‍ശിക്കും
നിന്റെ സങ്കേതം കര്‍ത്താവാകുന്നു
അത്യുന്നതന്‍ നിന്റെ കോട്ടയാകുന്നു
നിനക്കു യാതൊരു തിന്മയും വരുകയില്ല
ബാധകള്‍ നിന്റെ കൂടാരത്തെ ഉപദ്രവിക്കയില്ല
വഴികളില്‍ നിന്നെ സംരക്ഷിക്കുവാന്‍
അവിടുന്നു തന്റെ മാലാകാമാരോടു കല്പിക്കും
നിന്റെ പാദം കല്ലിന്മേല്‍ തട്ടാതെ
കരങ്ങളില്‍ നിന്നെ അവര്‍ വഹിച്ചുകൊള്ളും
സര്‍പ്പത്തിന്റെയും അണലിയുടെയും മേല്‍
നീ ചവിട്ടി നടക്കും
സിംഹത്തെയും പെരുമ്പാമ്പിനെയും
നീ ചവിട്ടി മെതിക്കും
എന്നോടു പ്രാര്‍ത്ഥിച്ചതു കൊണ്ട്
ഞാന്‍ അവനെ രക്ഷിയ്ക്കും
എന്റെ നാമം അറിഞ്ഞതു കൊണ്ട്
ഞാന്‍ അവനെ ശക്തിപ്പെടുത്തും
എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍
ഞാന്‍ അവന് ഉത്തരമരുളും
അവന്റെ സങ്കടകാലങ്ങളിലെല്ലാം
ഞാന്‍ അവന്റെ കൂടെ ഉണ്ടായിരിക്കും
ശക്തിയും ബഹുമാനവും അവനു ഞാന്‍ നല്‍കും
ദീര്‍ഘായുസ്സ് നല്‍കിക്കൊണ്ട് അവനെ ഞാന്‍ തൃപ്തനാക്കും
രക്ഷിയ്ക്കുവാനുള്ള എന്റെ കഴിവ് അവനെ കാണിക്കയും ചെയ്യും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു. (കാനോനാ) ഞങ്ങളുടെ രക്ഷകനായ മിശിഹായേ, നിന്നിലുള്ള പ്രത്യാശ സ്തുത്യര്‍ഹമാകുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: മനുഷ്യവര്‍ഗ്ഗത്തിന്റെ സ്രഷ്ടാവും പരിപാലകനുമായ കര്‍ത്താവേ, അങ്ങു ഞങ്ങളുടെ സങ്കേതവും ആശ്രയവുമാകുന്നു. അങ്ങില്‍ അഭയം തേടുകയും അങ്ങേ നാമം വിളിച്ചപേക്ഷിക്കയും ചെയ്യുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 104) എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിയ്ക്കുക. (കാനോന) ദൈവമേ സ്തുതി അങ്ങേയ്ക്കു യോജ്യമാകുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിയ്ക്കുക
എന്റെ ദൈവമായ കര്‍ത്താവേ,
അങ്ങുന്ന് ഏറ്റവും വലിയവനാകുന്നു.
മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിയ്ക്കുന്നു
പ്രകാശം മേലങ്കിയായി അണിഞ്ഞിരിയ്ക്കുന്നു
കൂടാരത്തിന്റെ ആകൃതിയില്‍
ആകാശത്തെ അവിടുന്നു വിരിച്ചുനിര്‍ത്തി
വെള്ളത്തിനു മുകളിലായി
തന്റെ മാളികകള്‍ നിര്‍മ്മിച്ചു
മേഘങ്ങളെ വാഹനമാക്കി
കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിച്ചു
അവന്‍ തന്റെ ദൂതന്മാരെ അശരീരികളായും
തന്റെ ശുശ്രൂഷകരെ ജ്വലിക്കുന്ന അഗ്നിയായും സൃഷ്ടിച്ചു
ഒരിക്കലും ഇളകാതിരിക്കുവാന്‍
ഭൂമിയെ അടിത്തറയിലുറപ്പിച്ചു
വസ്ത്രം കൊണ്ടെന്നപോലെ
ആഴികൊണ്ട് അതിനെ ആവരണം ചെയ്തു
വെള്ളം പര്‍വ്വതങ്ങള്‍ക്കു മീതെ നിന്നു
അവിടുന്നു കല്പിക്കുമ്പോള്‍ അതു പ്രവഹിക്കയും
ഇടിമുഴക്കുമ്പാള്‍ അതു വിറയ്ക്കയും ചെയുന്നു
അവിടുന്നു നിശ്ചയിച്ച സ്ഥാനങ്ങളില്‍
മലകളും താഴ്വരകളുമുണ്ടായി
ജലം ഭൂമിയെ മൂടാതിരിക്കുവാന്‍
അതിന് അതിരു നിശ്ചയിച്ചു
നീര്‍ച്ചാലുകളെ നദിയിലേയ്ക്കു തിരിച്ചുവിട്ടു
അവ മലയിടുക്കിലൂടെ ഒഴുകിപ്പോകുന്നു
വനത്തിലെ മൃഗങ്ങളെല്ലാം അവയില്‍നിന്നു കുടിക്കുന്നു
കാട്ടുകഴുതകളും ദാഹം തീര്‍ക്കുന്നു
ആകാശത്തിലെ പറവകള്‍ അവയ്ക്കു സമീപം കൂടുകെട്ടി
മരച്ചില്ലകളിലിരുന്ന് അവ പാട്ടുപാടി
മാളികയില്‍ നിന്ന് അവിടുന്നു മലകളെ നനയ്ക്കുന്നു
അവിടുത്തെ പ്രവൃത്തിയുടെ ഫലമനുഭവിച്ച്
ഭൂമി തൃപ്തിയടയുന്നു
അവിടുന്ന് മൃഗങ്ങള്‍ക്കുവേണ്ടി പുല്ലു മുളപ്പിക്കുന്നു
മനുഷ്യന് ആഹാരമുണ്ടാക്കുവാന്‍ സസ്യങ്ങള്‍ കിളിര്‍പ്പിക്കുന്നു
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിയ്ക്കുക. (കാനോനാ) ദൈവമേ സ്തുതി അങ്ങേയ്ക്കു യോജ്യമാകുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: സ്വര്‍ഗ്ഗീയമായ തേജസ്സിനാല്‍ സകല സൃഷ്ടികളെയും ആനന്ദിപ്പിക്കുന്ന കര്‍ത്താവേ, പ്രകാശത്തിന്റെ സൃഷ്ടാവും തന്റെ കരുണയാല്‍ ഇരുളിനെ ക്രമപ്പെടുത്തിയിരിക്കുന്നവനും അങ്ങാകുന്നു. ഞങ്ങള്‍ അങ്ങേ ആരാധിക്കയും പുകഴ്‌ത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 93) കര്‍ത്താവു മഹത്വത്തോടെ ഭരിക്കുന്നു. (കാനോന) നിത്യനായ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

കര്‍ത്താവു മഹത്വത്തോടെ ഭരിക്കുന്നു
അവിടുന്നു ശക്തിയും ബലവുമുള്ളവനായി.
ഇളകാത്ത വിധം ഭൂമിയെ സൃഷ്ടിച്ചു:
അതിനെ അവിടുന്ന് ഉറപ്പിച്ചു നിര്‍ത്തി
യുഗങ്ങള്‍ക്കെല്ലാം മുമ്പുതന്നെ
അങ്ങേ സിംഹാസനം സുസ്ഥിരമാണല്ലോ.
കര്‍ത്താവേ, അങ്ങുന്നനാദിയാകുന്നു:
നദികളില്‍ ഓളങ്ങളുണ്ടാവുകയും
അവ ഇരമ്പിക്കയറുകയും ചെയ്തു.
കടലിലെ തിരമാലകളെക്കാളും
മലവെള്ളത്തിന്റെ മുഴക്കത്തെക്കാളും
ഉന്നതങ്ങളില്‍ കര്‍ത്താവു ശക്തനാണല്ലോ.
അങ്ങേ നിയമങ്ങള്‍ വിശ്വാസ്യങ്ങളാകുന്നു:
വിശുദ്ധി അങ്ങേ ഭവനത്തിനു ചേര്‍ന്നതാകുന്നു.
(സങ്കീ. 150) കര്‍ത്താവിന്റെ വിശുദ്ധ ഭവനത്തില്‍
അവിടുത്തെ സ്തുതിക്കുവിന്‍.
പ്രതാപം നിറഞ്ഞ ആകാശത്തില്‍
അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍
കര്‍ത്താവിന്റെ ധീരകൃത്യങ്ങളെക്കുറിച്ച്
അവിടുത്തെ സ്തുതിക്കുവിന്‍.
കര്‍ത്താവിന്റെ ഉന്നതമഹിമാവിനെക്കുറിച്ച്
അവിടുത്തെ സ്തുതിക്കുവിന്‍
കാഹളമൂതിക്കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍:
വീണകളാലും കിന്നരങ്ങളാലും അവിടുത്തെ സ്തുതിക്കുവിന്‍
തപ്പുകളാലും മദ്ദളങ്ങളാലും അവിടുത്തെ സ്തുതിക്കുവിന്‍
ഇമ്പമുള്ള തന്ത്രികളാല്‍ അവിടുത്തെ സ്തുതിക്കുവിന്‍.
കര്‍ണ്ണാനന്ദകരമായ കൈത്താളങ്ങളാല്‍ അവിടുത്തെ സ്തുതിക്കുവിന്‍
ആരവം കൊണ്ടും ആര്‍പ്പുവിളി കൊണ്ടും അവിടുത്തെ സ്തുതിക്കുവിന്‍.
സര്‍വ്വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ.
(സങ്കീ. 116) ജനപദങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ഭൂവാസികളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍
അവിടുത്തെ സ്നേഹം അനന്തമാകുന്നു
തന്റെ വാഗ്ദാനം അവിടുന്നു പൂര്‍ത്തിയാക്കുന്നു
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: (കാനോനാ) എല്ലാ ശ്വാസോഛാസത്തിലും നമുക്കു കര്‍ത്താവിനെ സ്തുതിയ്ക്കാം. പ്രകാശമായ മിശിഹായേ, ഞങ്ങള്‍ നിന്നെ സ്തുതിയ്ക്കുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: നിത്യമായ പ്രകാശവും പിതാവിന്റെ തേജസ്സുമായ മിശിഹായേ, മനുഷ്യവര്‍ഗ്ഗത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങു ലോകത്തിലുദിക്കയും നിത്യജീവന്റെ ആശാകിരണങ്ങള്‍ വീശുകയും ചെയ്തു. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്സപ്രാ (പ്രഭാതഗീതം)
(ഇന്നു് - ദനഹാക്കാലം തിങ്കള്‍ - ചൊല്ലേണ്ടത്)
( എല്ലാ ദിവസത്തെയും കാണുക)

(രീതി: തൂയൈ...)

നട 4:32വിശ്വസിച്ചിരുന്നവർക്ക് ഒരാത്മാവും ഒരു മനസ്സുമായിരുന്നു
മാമ്മോദീസാവഴി ഞങ്ങൾ
സഭയുടെയംഗസമുച്ചയമായ്
De Ephiph 10/12സ്നേഹത്തിലുമൊന്നായിടുവാൻ
നാഥാ, നൽ‍വരമരുളണമേ.

യോഹ 3:1അവൻ നമ്മെ പുത്രരെന്നു വിളിച്ചിരിക്കുന്നു
പാപത്തിൻ കറ കഴുകീടും
ജ്ഞാനസ്നാനജലം വഴിയായ്
നാഥാ, നിൻ കൃപയൊഴുകുന്നു
De Ephiph 9/11ഞങ്ങൾ നിർമ്മലരാകുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ത്രിത്വത്തിൻ തിരുനാമത്തിൽ
മാമ്മോദീസാ നിലകൊൾവൂ
നാമത്രയമതിലൊരുപോൽ നാം
De Fide 11/5അഭയം നിത്യം തേടേണം.


ബ്മദ്നാഹൈ സപ്രാ (പ്രഭാതകീര്‍ത്തനം)
(രീതി: മെത്തോല്‍ദ് മറിയം ബ്സുല്‍ത്താ)
പുലരിപ്രഭയില്‍ കര്‍ത്താവേ,
സാമോദം നിന്‍ ദാസരിതാ
സൃഷ്ടിക്കഖിലം രക്ഷകനാം
നിന്‍സ്തുതിഗീതം പാടുന്നു.
സകലേശാ, നിന്‍ കൃപയാലേ
ശാന്തി നിറഞ്ഞൊരു ദിനവും നീ
പാപപ്പൊറുതിയുമരുളണമേ
നന്മയിലൂടെ നയിക്കണമേ.
ശരണം പൊലിയാതെന്നാളും
സുതരെക്കാത്തരുളീടണമേ
ഞങ്ങള്‍ക്കെതിരായൊരുനാളും
വാതിലടയ്ക്കരുതഖിലേശാ
നരവംശത്തിന്‍ വൈകല്യം
അറിയും താതാ, കനിയണമേ
അര്‍ഹതനോക്കാതവികലമായ്
പ്രതിസമ്മാനം നല്‍കണമേ
സ്നേഹവുമൈക്യവുനന്യൂനം
ശാന്തിയുമിവിടെ വിതയ്ക്കണമേ
അജപാലനമൊരു കുറവെന്യേ
ഫലമേകാനിടയാക്കണമേ
ആരോഗ്യം നരനേകണമേ
രോഗികളെ സുഖമാക്കണമേ
മര്‍ത്യഗണത്തിന്‍ പാപങ്ങള്‍
കഴുകി വിശുദ്ധി വളര്‍ത്തണമേ

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, സൃഷ്ടികളെല്ലാം അങ്ങേ ആഗമനം കാത്തിരിക്കുന്നു. സ്വര്‍ഗ്ഗമാകുന്ന ഓറെശ്ളത്ത് അങ്ങേ വിശുദ്ധരോടുകൂടെ നിത്യാനന്ദമനുഭവിക്കുവാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ബാറെക് കൊലഹോന്‍ (കൃതജ്ഞതാഗാനം)
(മൂന്നു ബാലന്മാരുടെ കീര്‍ത്തനം - രീതി: തൂയൈ...)
സര്‍വ്വചരാചര സൃഷ്ടികളേ,
അരിയമനോജ്ഞനഭസ്തലമേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
(തറ്ആ)
മൃതരെയുയര്‍പ്പിച്ചര്‍ഹതപോല്‍
പ്രതിഫലമീശന്‍ നല്കീടും
മോഹനനിത്യവിഭാതത്തെ
വാനവരൊത്തു വണങ്ങീടാം.
വാനവ ദൂതജനാവലിയേ,
സൈനികഗണമേ, ജലധികളേ,
കര്‍ത്താവാം...
മഴയേ, മഞ്ഞേ, താരകളേ,
ചൂടേ, കാറ്റേ, എരിതീയേ,
കര്‍ത്താവാം...
പനിമതിയേ, നല്‍പകലോനേ,
രാവേ, പകലേ, ഇരുള്‍നിരയേ,
കര്‍ത്താവാം...
മേഘാവലിയേ, കുന്നുകളേ,
ഗിരിനിരയേ, തൃണജാതികളേ,
കര്‍ത്താവാം...
തെളിനീരേകും തടിനികളേ,
അരുവികളേ, ജലജീവികളേ,
കര്‍ത്താവാം...
പക്ഷിമൃഗാദികളേ, നരരേ,
ഇസ്രായേലിന്‍ വംശജരേ,
കര്‍ത്താവാം...
ധാര്‍മ്മികരേ, വിനയാന്വിതരേ,
നിഷ്‌കല്‍മഷരേ, വൈദികരേ,
കര്‍ത്താവാം...
ദൈവികഭവന നിവാസികളേ,
സഹദാമാരേ, പ്രേഷിതരേ,
കര്‍ത്താവാം...
മിന്നും മിന്നല്‍പ്പിണരുകളേ,
ചൂടേ, കുളിരേ, തരുനിരയേ,
കര്‍ത്താവാം...
ഇസ്രായേലിന്‍ വത്സലരേ,
ഹന്നനിയായേ, സഖിമാരേ,
കര്‍ത്താവാം...
(തറ്ആ)
മൃതരെയുയര്‍പ്പിച്ചര്‍ഹതപോല്‍
പ്രതിഫലമീശന്‍ നല്കീടും
മോഹനനിത്യവിഭാതത്തെ
വാനവരൊത്തു വണങ്ങീടാം.
താതനുമങ്ങേയാത്മജനും
റൂഹായ്‌ക്കും സ്തുതിയുയരട്ടെ.
ആദിമുതല്‍ക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം.
നശ്വരമാമീലോകത്തില്‍
നാഥാ, നീ കാത്തരുളണമേ
വരുവാനുള്ളൊരു വിധിനാളില്‍
സംരക്ഷകനായ് മേവണമേ.
അരിയ വിഭാതമുദിക്കുമ്പോള്‍
നിന്‍കൃപ ദര്‍ശനമരുളുമ്പോള്‍
തന്നരുളീടാന്‍ കനിയണമേ
ഞങ്ങള്‍ക്കുതകും വിഭവങ്ങള്‍.
സത്യവെളിച്ചം നീയാണെ-
ന്നറിയുകയാല്‍ നിന്നാഗമനം
സതതം കാത്തു കഴിക്കുന്നു
വാനവഗണവും മാനവരും.
മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.
സ്ലോസാ

കാര്‍മ്മി: കര്‍ത്താവേ, അങ്ങേ നാമം പരിശുദ്ധമാകുന്നു; അങ്ങേ ആലയം പരിശുദ്ധമാകുന്നു; അങ്ങയെ ആരാധിക്കുന്ന സ്വര്‍ഗ്ഗവാസികള്‍ പരിശുദ്ധരാകുന്നു. ഞങ്ങളുടെ ഹൃദയമാകുന്ന ദേവാലയത്തെ അങ്ങു പവിത്രീകരിക്കേണമേ. ഞങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമാക്കണമേ. ഞങ്ങളുടെ പാപങ്ങള്‍ മോചിക്കണമേ. സകലവും വിശുദ്ധീകരിക്കുന്ന ദൈവമേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ഹാസാ
(സഹജപം)

കാര്‍മ്മി: കര്‍ത്താവേ, കാരുണ്യപൂര്‍വ്വം ഞങ്ങളെ അനുഗ്രഹിക്കയും ആപത്തുകളില്‍ നിന്നു കാത്തുരക്ഷിക്കയും ചെയ്യണമേ. സ്നേഹം നിറഞ്ഞ അങ്ങേ പരിപാലനയുടെ തണലില്‍ ഞങ്ങളെ സംരക്ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ദ്ഉദ്റാനാ
(സഹായാഭ്യര്‍ത്ഥന)

കാര്‍മ്മി: കര്‍ത്താവേ, അങ്ങേ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും നിരന്തരമായ സഹായവും ഞങ്ങള്‍ക്കു ലഭിക്കുമാറാകട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷയും മാര്‍ യൗസേപ്പിന്റെയും വിശുദ്ധ ശ്ലീഹന്‍മാരുടെയും പ്രാര്‍ത്ഥനകളും മാര്‍ തൊമ്മാശ്ലീഹായുടെയും മാര്‍ ഗീവര്‍ഗീസിന്റെയും മറ്റു വേദസാക്ഷികളുടെയും മല്പാന്മാരുടെയും ഈ പള്ളിയുടെ (ഭവനത്തിന്റെ) മദ്ധ്യസ്ഥനായ (മദ്ധ്യസ്ഥ) ... യും മറ്റു സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. അവ ഞങ്ങള്‍ക്കഭയവും സഹായവും ദുഷ്ടപിശാചിലും അവന്റെ സൈന്യങ്ങളിലും നിന്നു സംരക്ഷണവും നല്കി നിത്യഭാഗ്യത്തിലേയ്‌ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ഹുത്താമ്മാ
(മുദ്രവയ്‌ക്കല്‍ പ്രാര്‍ത്ഥന)

കാര്‍മ്മി: ദൈവത്തിനു സ്തുതിയും മാലാഖാമാര്‍ക്കു വണക്കവും സാത്താനു ലജ്ജയും സ്ലീവായ്‌ക്കു വന്ദനവും തിരുസ്സഭയ്‌ക്കു മഹത്വവും മരിച്ചവര്‍ക്ക് ഉയിര്‍പ്പും അനുതാപികള്‍ക്ക് പൊറുതിയും തടവുകാര്‍ക്ക് മോചനവും രോഗികള്‍ക്ക് ആരോഗ്യവും ലോകത്തിനു ശാശ്വതമായ സമാധാനവും കൈവരട്ടെ. പാപികളും ബലഹീനരുമായ ഞങ്ങള്‍ക്കും ലോകത്തിലുള്ള സകല സൃഷ്ടികള്‍ക്കും ദൈവത്തിന്റെ കൃപയും അനുഗ്രഹവും സമൃദ്ധമായി ലഭിക്കുമാറാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍


Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking. Transliteration by Microsoft