വ്യാഴം, 23 ഫെബ്രുവരി 2012

logo

പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു് പ്രാര്‍ത്ഥിയ്‌ക്കുവിന്‍‍; ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണു് (മത്താ. 26:41)


റംശാ

(”സായാഹ്ന പ്രാര്‍ത്ഥനകള്‍ ” എന്നാണു് “റംശാ” എന്ന സുറിയാനി പദത്തിനര്‍ത്ഥം. സീറോ-മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനാക്രമപ്രകാരം സായാഹ്നങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളാണിവ.)

കര്‍മ്മക്രമം
(പരസ്പരം സമാധാനം ആശംസിച്ചുകൊണ്ട് ആരംഭിക്കുന്നു)

കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. (3 പ്രാവശ്യം)

സമൂ: ആമ്മേന്‍. (3 പ്രാവശ്യം)

കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂ: ആമ്മേന്‍.

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ . സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ ഉദ്ഘോഷിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ. ഞങ്ങള്‍ക്ക് ആവശ്യകമായ ആഹാരം/ ഇന്നു ഞങ്ങള്‍ക്കു തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ/ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ . സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ ഉദ്ഘോഷിക്കുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
(സാധാരണ ദിവസങ്ങളില്‍ )

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും പുകഴ്ത്തുകയും അങ്ങേ അനന്തമായ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പറയുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.


(ഞായറാഴ്‌ചകളിലും തിരുനാളുകളിലും)

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, നിന്‍റെ ഏകാജാതന്‍റെ ഉയിര്‍പ്പിനെ നിര്‍മ്മലഹൃദയത്തോടെ വാഴ്ത്തുന്നതിനും വിശുദ്ധഗീതങ്ങളാല്‍ അവന്‍റെ വിജയത്തെ പ്രകീര്‍ത്തിക്കുന്നതിനും സ്വര്‍ഗ്ഗവാസികളോട് കൂടെ നിന്‍റെ അനന്തമായ ശക്തിയുടെ മഹത്വത്തെ ഏറ്റുപറയുന്നതിനും ഞങ്ങളെ യോഗ്യരാക്കണമേ. നിന്‍റെ തിരുക്കുമാരന്‍റെ പുനരുദ്ധാനം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഞങ്ങളില്‍ ഭാവിജീവിതത്തിലുള്ള പ്രത്യാശ വളരുവാന്‍ ഇടയാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

സങ്കീര്‍ത്തനം
ഇന്നു് ( നോമ്പുകാലം ഒന്നാം വെള്ളി ) ചൊല്ലേണ്ടത്:
( എല്ലാ സങ്കീർത്തനങ്ങളും കാണുക)

സങ്കീ 6
കർത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ:
കോപത്തോടെ എന്നെ ശിക്ഷിക്കരുതേ:
എന്തെന്നാൽ ഞാൻ ദുർ‍ബലനാകുന്നു.
കർത്താവേ, എന്നെ സുഖപ്പെടുത്തണമേ:
എന്തെന്നാൽ എന്‍റെ ശരീരം വേദനിക്കുന്നു:
എന്‍റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു.
കർത്താവേ, അങ്ങുന്ന് എത്രത്തോളം വൈകും?
എന്‍റെ ആത്മാവിനെ രക്ഷിക്കണമേ:
കാരുണ്യപൂർവ്വം എന്നെ കടാക്ഷിക്കണമേ,
മരണത്തിൽ അങ്ങയെ ആരും ഓർക്കുന്നില്ല:
കുഴിമാടത്തിൽ നിന്ന്
അങ്ങയെ പുകഴ്ത്തുവാൻ ആർക്കു കഴിയും?
കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു:
രാത്രിയിൽ എന്‍റെ തലയണ നനഞ്ഞു.
കണ്ണീരുകൊണ്ടു കിടക്ക ഞാൻ നനച്ചു:
കരഞ്ഞു കരഞ്ഞ് എന്‍റെ കണ്ണു കലങ്ങി:
വൈരികൾ മൂലം ഞാൻ ഭയപെട്ടു.
ദുഷ്ടന്മാർ അകന്നു പോകട്ടെ:
എന്തെന്നാൽ കർത്താവ് എന്‍റെ നിലവിളി കേട്ടു.
അവിടുന്ന് എന്‍റെ പ്രാർത്ഥന ചെവിക്കൊണ്ടു:
ദയാപൂർവ്വം അതു സ്വീകരിക്കയും ചെയ്തു.
എന്‍റെ ശത്രുക്കളെല്ലാം ലജ്ജിതരാകും:
അവർ പെട്ടെന്നു ചിതറി നശിക്കയും ചെയ്യും.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: സ്തുത്യര്‍ഹവും പരിശുദ്ധവുമായ അങ്ങേ ത്രിത്വത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ധൂപാര്‍പ്പണ ഗാനം
(രീതി: ബാഹര്‍ ലെമ്പാ... യാദാഹുശാവേ.../ അതിപൂജിതമാം നിന്‍ ...)
ശക്തനായ കര്‍ത്താവേ അങ്ങേ കൂടാരം എത്ര മനോഹരമാകുന്നു.
മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ,
ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍
പരിമളമിയലും ധൂപം പോല്‍
കൈക്കൊണ്ടരുളേണം
കര്‍ത്താവിന്‍റെ അങ്കണം എന്‍റെ ആത്മാവ് ആകാംഷയോടെ കാത്തിരിക്കുന്നു.
മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ...
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ...

ശുശ്രൂ: സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: അങ്ങു ഞങ്ങള്‍ക്കു നല്കിയിട്ടുള്ളതും എന്നാല്‍ കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ കഴിയാത്തതുമായ എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി സകല സൗഭാഗ്യങ്ങളുടെയും സഹായങ്ങളുടെയും മകുടം ചൂടിയിരിക്കുന്ന സഭയില്‍ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും നിരന്തരം മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങ് സകലത്തിന്‍റെയും നാഥനും സൃഷ്ടാവുമാകുന്നു, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

കാര്‍മ്മി:
സര്‍വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു,
ഈശോനാഥാ, വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മര്‍ത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
(അല്ലെങ്കില്‍ )

കാര്‍മ്മി: സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: (സാധാരണ ദിവസങ്ങളില്‍ ) കര്‍ത്താവേ ഞാന്‍ എന്‍റെ കരങ്ങള്‍ കഴുകി നിര്‍മ്മലമാക്കുകയും നിന്‍റെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുകയും ചെയ്തു.

(ഞായറാഴ്‌ചകളില്‍ ) ശക്തനായ കര്‍ത്താവേ നിന്‍റെ വാസസ്ഥലം എത്ര അഭികാമ്യമാകുന്നു!

സമൂ: സര്‍വ്വാധിപനാം കര്‍ത്താവേ... (അല്ലെങ്കില്‍ ) സകലത്തിന്‍റെയും നാഥാ...

കാര്‍മ്മി: പിതാവിനും... ആദിമുതല്‍ ... സര്‍വ്വാധിപനാം... (അല്ലെങ്കില്‍ ) സകലത്തിന്‍റെയും നാഥാ...

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: എന്‍റെ കര്‍ത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. എന്‍റെ കര്‍ത്താവേ, എല്ലാ സമയവും നിന്നെ സ്തുതിക്കുവാനും ആരാധിക്കുവാനും പുകഴ്ത്തുവാനും ഞങ്ങള്‍ കടപ്പെട്ടവരാകുന്നു. സകലത്തിന്‍റെയും നാഥാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദക്ക്ദം
( ഇന്നു് ചൊല്ലേണ്ടത്: നോമ്പുകാലം വെള്ളി )
( എല്ലാ ദിവസത്തെയും കാണുക)

(രീതി: മറിയാ ബ്‍സപ്രാ... ബ്‍എന്താൻ സപ്രാ... / സമയമടുത്തൂ ദൈവമിതാ...)

ലൂക്കാ 1:68കര്‍ത്താവു തന്‍റെ ജനത്തെ സന്ദര്‍ശിച്ച് അതിനു രക്ഷ നല്‍കി
കര്‍ത്താവേ, നിന്‍ രൂപത്തില്‍
മര്‍ത്യനെ സൃഷ്ടിച്ചീമന്നില്‍
സീമയെഴാത്തൊരു സ്നേഹത്താല്‍
കാലത്തികവില്‍ നീയവനെ
കാണാനെത്തിയ കാരുണ്യം
നിസ്തുലഭാഗ്യമവന്നരുളി

യോഹ16:7അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയയ്ക്കും
സ്നേഹം നിറയും നാഥാ, നിന്‍
സത്യാരൂപിയെ ലോകത്തില്‍
സ്നാനജലം വഴി നരനരുളി
ദിവ്യശരീരം ഭോജനമായ്‌
അപ്പത്തിന്‍ പ്രതിരൂപത്തില്‍
നല്‍കിയതും നിന്‍ കനിവല്ലോ

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
വിശ്വാസത്താല്‍ കള്ളനൊരാൾ
ഗാഗുല്‍ത്തായില്‍ നാഥാ, നിന്‍
കൃപയുടെയാഴം കണ്ടെത്തി
തിന്മ നിറഞ്ഞോരീഞാനും
നന്മയ്ക്കുറവം സ്ലീവായില്‍
സന്തതമഭയം തേടുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേ അനന്തമായ കരുണയും നിരന്തരമായ പരിപാലനയുമോര്‍ത്ത് ഞങ്ങള്‍ അങ്ങേയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: (സങ്കീ.140) കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എനിക്കുത്തരമരുളണമേ
(കാനോനാ) കര്‍ത്താവേ, എന്‍റെ വാക്കു കേട്ട് എന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു
എനിക്കുത്തരമരുളണമേ
എന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ:
പരിമളധൂപം പോലെ,
അത് അങ്ങേ പക്കലേക്കുയരട്ടെ
കര്‍ത്താവേ, എന്‍റെ ഈ പ്രാര്‍ത്ഥന
എന്‍റെ സായാഹ്നബലിയായി സ്വീകരിക്കണമേ
എന്‍റെ നാവിനും അധരങ്ങള്‍ക്കും
അങ്ങു കാവല്‍ നിര്‍ത്തണമേ.
ദുഷ്പ്രവൃത്തികള്‍ ചെയ്യുവാനും
ദുഷ്ടന്മാരോട് സഹവസിക്കുവാനും
അങ്ങ് എന്നെ അനുവദിക്കരുതേ.
നീതിമാനായ മനുഷ്യന്‍
എന്നെ പഠിപ്പിക്കയോ ശാസിക്കയോ ചെയ്യട്ടെ.
ദുഷ്ടന്മാരുടെ തൈലംകൊണ്ട്
എന്‍റെ ശിരസ്സു പൂശുവാന്‍ അനുവദിക്കരുതേ.
എന്‍റെ പ്രാര്‍ത്ഥന എപ്പോഴും
അവരുടെ പ്രവൃത്തികള്‍ക്കെതിരാകുന്നു
അവരുടെ വിധികര്‍ത്താക്കള്‍
കനത്ത കൈകളാല്‍ തടയപ്പെട്ടു
എന്‍റെ പ്രാര്‍ത്ഥന സ്നേഹമസൃണമായിരുന്നെന്ന്
അപ്പോള്‍ അവര്‍ക്ക് മനസ്സിലായി
(സങ്കീ. 141) ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിക്കുന്നു :
ഉച്ചത്തില്‍ ഞാന്‍ കേണപേക്ഷിക്കുന്നു
എന്‍റെ ഹൃദയം നീറുമ്പോള്‍
എന്‍റെ സങ്കടങ്ങളും പീഡകളും
ഞാന്‍ അവിടുത്തെ അറിയിക്കും.
എന്‍റെ വഴികളെല്ലാം:
അങ്ങറിയുന്നുവല്ലോ
ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍
അവര്‍ എനിക്കു കെണികള്‍ വച്ചു
ഞാന്‍ വലത്തേക്കു തിരിഞ്ഞുനോക്കി:
എന്നെ അറിയുന്നവര്‍ ആരുമില്ല.
ഓടി ഒളിക്കുവാന്‍ എനിക്കിടമില്ല:
എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.
കര്‍ത്താവേ ഞാന്‍ അങ്ങേ വിളിച്ച് അപേക്ഷിക്കുന്നു:
അങ്ങ് എന്‍റെ അഭയമാണല്ലോ.
(സങ്കീ. 118) അങ്ങേ പ്രമാണം എന്‍റെ പാദങ്ങള്‍ക്കു വിളക്കും:
എന്‍റെ വഴികളില്‍ പ്രകാശവുമാകുന്നു.
നീതിയുടെ നിയമങ്ങള്‍ അനുസരിക്കുവാന്‍
ശപഥപൂര്‍വം ഞാന്‍ നിശ്ചയിച്ചു.
കര്‍ത്താവേ, ഞാന്‍ ഏറെ കഷ്ടപ്പെട്ടു:
അങ്ങേ വാക്കനുസരിച്ച് എന്നെ രക്ഷിക്കേണമേ
എന്‍റെ അധരങ്ങളുടെ കാണിക്ക സ്വികരിക്കണമേ:
നിയമങ്ങള്‍ എന്നെ പഠിപ്പിക്കണമെ
എന്‍റെ ജീവന്‍ എപ്പോഴും അപകടത്തിലാക്കുന്നു:
എങ്കിലും ഞാന്‍ അങ്ങേ നിയമം മറന്നില്ല
ദുഷ്ടന്മാര്‍ എനിക്കു കെണികള്‍ വെച്ചു :
എങ്കിലും നിയമത്തില്‍നിന്നും ഞാന്‍ വ്യതിചലിച്ചില്ല.
(സങ്കീ. 116) ജനപദങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ :
ഭുവാസികളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍.
അവിടുത്തെ സ്നേഹം അനന്തമാകുന്നു:
തന്‍റെ വാഗ്ദാനം അവിടുന്നു പൂര്‍ത്തിയാക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി :
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍ .

ശുശ്രൂ: (സങ്കീ. 140) കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷികുന്നു; എനിക്കുത്തരമരുളണമേ
(കാനോനാ) കര്‍ത്താവേ, എന്‍റെ വാക്കു കേട്ട് എന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: കര്‍ത്താവേ, അങ്ങേ ദാസരായ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും, പാപികളായ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. എന്തുകൊണ്ടെന്നാല്‍ അങ്ങ് ഞങ്ങളുടെ ശരീരത്തിന്‌ ആരോഗ്യവും ആത്മാവിനു പ്രത്യാശയും നല്‍കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്‍വാസർ
( ഇന്നു് ചൊല്ലേണ്ടത്: നോമ്പുകാലം വെള്ളി )
( എല്ലാ ദിവസത്തെയും കാണുക)

(രീതി: ബ്രീകീത്തോൻ .../ കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു...)

യോനാ 3:5അവര്‍ ഉപവാസം പ്രഖ്യാപിച്ചു, ചാക്കു ധരിച്ചു
ഉപവാസം വഴിയായ്‌
നിനിവേവാസികളില്‍
ദൈവം കൃപ തൂകി
ചാരം പൂശിപ്പരുഷതരം
ചണവസ്ത്രങ്ങളുടുത്തു ജനം
മിഴിനീരോടെ പാപത്തിന്‍
പൊറുതിയിരന്നു തപംചെയ്തു
അനുതാപം - വിണ്ണില്‍ സോപാനം

സങ്കീ 51:17തകര്‍ന്ന ഹൃദയത്തെ ദൈവം നിരസിക്കുകയില്ല
ആകുലമാനസനാ-
യവനിയിലുഴലും ഞാ-
നഭയം കണ്ടെത്തി
പാപത്തലെന്നാത്മാവില്‍
മാരകരോഗം വളരുകിലും
അനുതാപൗഷധമരുളീടും
കര്‍ത്താവെന്നെ കാത്തരുളീടും
അനുതാപം - വിണ്ണില്‍ സോപാനം

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആത്മാവിന്‍ നാശം
മക്കള്‍ക്കേകാത്തോ-
രനുപമനാം താതാ,
തനയനെ നീയെന്‍ രക്ഷയ്‌ക്കായ്‌
നല്‍കിയ നിന്‍ കൃപയൊന്നാലെന്‍
പാപക്കറകള്‍ മായ്‍ച്ചിടുവാന്‍
പശ്ചാത്താപം നല്‍കണമേ
അനുതാപം - വിണ്ണില്‍ സോപാനം

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവേ, അങ്ങേ ത്രിത്വത്തിലുള്ള വിശ്വാസം ഞങ്ങളില്‍ പൂര്‍ണമാക്കണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും ആരാധനയും സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ യോഗ്യരാകട്ടെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആമ്മേന്‍

ശുശ്രൂ: സഹോദരരേ, നമുക്കു സ്വരമുയര്‍ത്തി സജീവനായ ദൈവത്തെ പ്രകീര്‍ത്തിക്കാം.

സമൂ: ആമ്മേന്‍

സമൂ:

പരിപാവനനാം സര്‍വ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനേ
നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.

കാര്‍മ്മി: പിതാവിനും... പുത്രനും... പരിപാവനനാം സര്‍വ്വേശാ...

സമൂ: ആദിമുതല്‍ ... പരിപാവനനാം സര്‍വ്വേശാ...

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: വിശുദ്ധരില്‍ വസിക്കുകയും അവരില്‍ സംപ്രീതനാവുകയും ചെയ്യുന്ന പരിശുദ്ധനും സ്തുത്യര്‍ഹനും ബലവാനും അമര്‍ത്യനുമായ എന്‍റെ കര്‍ത്താവേ, അങ്ങേക്ക് സഹജമായവിധം ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമെന്ന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: ഹല്ലേലൂയ്യാ (3 പ്രാവശ്യം)

സുവിശേഷം

(ഇന്നത്തെ വായനകള്‍ :
വായനയ്ക്കുള്ള സുവിശേഷം തിരഞ്ഞെടുക്കുക)

കാര്‍മ്മി: വിശുദ്ധ ... അറിയിച്ച നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.

(വായനയ്ക്കു ശേഷം)

സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.

കാറോസൂസാ I (നോമ്പുകാലം ഒഴികെ)

ശുശ്രൂ: നമുക്കെല്ലാവര്‍ക്കും അനുതാപത്തോടും ഭക്തിയോടും (ഞായറാഴ്‌ചകളിലും തിരുനാളുകളിലും 'സന്തോഷത്തോടും പ്രത്യാശയോടും') കൂടെ.... കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേയെന്നപെക്ഷിക്കാം

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: കാരുണ്യവാനും ആശ്വാസദായകനുമായ പിതാവേ, ഞങ്ങളുടെ സംരക്ഷകനും പരിപാലകനുമായ ദൈവമേ, അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ക്രിസ്തീയ സഭകളുടെ ഐക്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനും സുസ്ഥിതിക്കും സഹവര്‍ത്തിത്വത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ രാജ്യത്തിന്‍റെ രക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: നല്ല കാലാവസ്ഥയും ഫലപുഷ്ടമായ വത്സരവും സമൃദ്ധമായ വിളവുകളും നല്‍കി ലോകത്തെ ഐശ്വര്യപൂര്‍ണ്ണമാക്കണമെന്ന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തിരുസഭയിലെ മേലധ്യക്ഷന്മാരെ സംരക്ഷിക്കയും അവര്‍ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ വിശ്വാസത്തില്‍ ഉറച്ചവരും സുകൃതങ്ങളില്‍ തീക്ഷണതയുളളവരുമാക്കിത്തീര്‍ക്കുവാന്‍ അവരെ സഹായിക്കയും ചെയ്യണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: പ്രത്യേകമായി തിരുസഭയുടെ അധിപനായ മാര്‍ ... പാപ്പായ്ക്കുവേണ്ടിയും ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാര്‍ ... വേണ്ടിയും ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാര്‍ ... മെത്രാപ്പോലീത്തായ്‌ക്കു (മെത്രാനു) വേണ്ടിയും അവരുടെ സഹശുശ്രൂഷകര്‍ക്കുവേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: നിര്‍മ്മലഹൃദയത്തോടും പരിശുദ്ധ മനസ്സാക്ഷിയോടുംകൂടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്യുവാനുള്ള അനുഗ്രഹം എല്ലാ വൈദികര്‍ക്കും ശെമ്മാശന്മാര്‍ക്കും മറ്റു വിശ്വാസികള്‍ക്കും പ്രദാനം ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തിരുസഭയിലുള്ള സന്യാസികളും സന്യാസിനികളും പരിപൂര്‍ണ്ണതയുടെ മാര്‍ഗ്ഗത്തില്‍ കുടിയുള്ള അവരുടെ പ്രയാണം പൂര്‍ത്തിയാക്കി വിജയകിരീടം നേടുവാന്‍ ഇടയാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തീക്ഷ്ണതയുള്ള അല്‍മായപ്രേഷിതരെ സഭയ്ക്കു ധാരാളമായി പ്രദാനം ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: കര്‍ത്താവില്‍ നിദ്രപ്രാപിച്ച എല്ലാവരെയും പ്രത്യേകമായി ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും സ്വര്‍ഗ്ഗഭാഗ്യത്തില്‍ ചേര്‍ക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: രോഗികള്‍ക്കു സൗഖ്യവും പീഡിതര്‍ക്ക് ആശ്വാസവും ആസന്നമരണര്‍ക്കു സമാധാനവും നല്‍കണമെന്ന്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: അനാഥരെയും ദരിദ്രരെയും സംരക്ഷിക്കണമെന്നും ആത്മീയമോ ശാരീരികമോ ആയ പീഡകള്‍ സഹിക്കുന്നവരെ ആശ്വസിപ്പിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാര്‍ യൗസേപ്പിന്‍റെയും മാര്‍ തോമാശ്ലീഹായുടെയും പ്രാര്‍ത്ഥനാസഹായത്തിലാശ്രയിച്ചു കൊണ്ട്‌ സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.


കാറോസൂസാ II

ശുശ്രൂ: സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും മാലാഖയെ അയയ്‌ക്കണമെന്ന്‍ ഞങ്ങള്‍ വിനയപൂര്‍വ്വം യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും, രാവും പകലും അങ്ങയുടെ സഭയ്ക്ക് ശാശ്വതമായ സമാധാനവും പാപരഹിതമായ ജീവിതവും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: പരിശുദ്ധാത്മാവിന്‍റെ തികവില്‍ പരിപൂര്‍ണ്ണതയുടെ ബന്ധമായ സ്നേഹത്തിന്‍റെ ഐക്യം ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: പാപമോചനവും ഞങ്ങളുടെ ജീവിതത്തിനുപകരിക്കുന്നവയും ദൈവമായ നിന്നെ പ്രസാദിപ്പിക്കുന്നവയും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: കര്‍ത്താവിന്‍റെ അനുഗ്രഹവും ശാശ്വതമായ കൃപയും എപ്പോഴും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: നമ്മുക്കെല്ലാവര്‍ക്കുമൊരുമിച്ച് നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.

സമൂ: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.


ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: കര്‍ത്താവേ, ബലവാനായ ദൈവമേ, ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കേണമേ. സഹോദരരേ കൈവെയ്പിനായി നമുക്ക് തലകുനിച്ച് ആശീര്‍വാദം സ്വീകരിക്കണമേ

ഹാസാ

കാര്‍മ്മി: സകലത്തെയും ആശീര്‍വദിക്കുന്നവന്‍റെ അനുഗ്രഹവും സര്‍വ്വത്തെയും സാന്ത്വനപ്പെടുത്തുന്നവന്‍റെ സമാശ്വാസവും എല്ലാറ്റിനും കൃപചോരിയുന്നവന്‍റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ സമൂഹത്തിലും മനുഷ്യവര്‍ഗ്ഗം മുഴുവനിലും ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്‍വാസാലിക്കേ
( ഇന്നു് ചൊല്ലേണ്ടത്: നോമ്പുകാലം വെള്ളി )
( എല്ലാ ദിവസത്തെയും കാണുക)

(രീതി: ലൈയ്ക്കാ ഏസല്‍ ലൈക്കേ.../ എവിടെയൊളിക്കും കര്‍ത്താവേ..)

ജറ 3:13നിന്‍റെ അപരാധം നീ ഏറ്റുപറയുക
അനുദിനമനുതാപത്താലുള്ളം
ഉരുകുന്നെന്നാല്‍ മര്‍ത്യന്‍ വീണ്ടും
നാശോന്മുഖമാം മാര്‍ഗ്ഗം മാത്രം
തേടി നടന്നലയുന്നു നൂനം
അനുതാപികളോടാര്‍ദ്രത കാട്ടും
നാഥാ, ഞങ്ങള്‍ക്കഭയം നീതാന്‍

ഉല്‍പ 32:10നിന്‍റെ ദയയ്ക്കു ഞാനര്‍ഹനല്ല
ദൂര, ദുര്‍വ്യതിയാനങ്ങള്‍ മൂലം
ഇരുളിലലഞ്ഞു നടന്നോര്‍പോലും
കര്‍ത്താവേ, നിന്‍ ദയ തന്നാഴം
വിശ്വാസം വഴി കണ്ടു പാരം
അനുതാപികളോടാര്‍ദ്രത കാട്ടും
നാഥാ, ഞങ്ങള്‍ക്കഭയം നീതാന്‍

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആത്മാവിന്‍ പരിപാവന രൂപം
പാരം പങ്കിലമാക്കീ പാപം
പറുദീസാ തന്‍ പരുചൈതന്യം
നിഷ്പ്രഭമായി ദുഷ്കൃതിമൂലം
അനുതാപികളോടാര്‍ദ്രത കാട്ടും
നാഥാ, ഞങ്ങള്‍ക്കഭയം നീതാന്‍

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: കര്‍ത്താവേ, മരിച്ചവരെ കരുണാപൂര്‍വ്വം ഉയര്‍പ്പിച്ച് നിന്‍റെ നീതിമാന്മാരോടൊത്തു നിന്‍റെ വലതുഭാഗത്തു നിര്‍ത്തുവാന്‍ കൃപയുണ്ടാകണമേ. നിന്‍റെ രാജ്യത്തിന്‍റെ മഹത്ത്വമേറിയ പ്രഭ അവരെ അണിയിക്കുകയും തിരുച്ചിത്തം നിറവേറ്റിയ നീതിമാന്മാരോടൊന്നിച്ച് സ്വര്‍ഗ്ഗീയ ഓറശ്ലമില്‍ അവരെ ആനന്ദിപ്പിക്കയും ചെയ്യണമേ. പിതാവിനും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശൂറായാ (സങ്കീ 13-17)
പിതാവു മക്കളോടു കരുണ കാണിക്കുന്നതുപോലെ
കര്‍ത്താവു തന്നെ ഭയപ്പെടുന്നവരോടു കരുണകാണിക്കുന്നു
നമ്മെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്ന് അവന്‍ അറിയുന്നു
നാം പൊടിയാണെന്ന് അവന് ഓര്‍മ്മയുണ്ട്
മനുഷ്യന്‍റെ ജീവിതകാലം പുല്ലിനു സദൃശമാകുന്നു
വയലിലെ പുഷ്പംപോലെ അതു തഴച്ചുവളരുന്നു
കാറ്റടിക്കുമ്പോള്‍ അതു പൊയ്പോകുന്നു
അതിന്‍റെ സ്ഥാനം പിന്നെ ഒരിക്കലും ആരും അറിയുന്നുമില്ല
കര്‍ത്താവിന്‍റെ സുസ്ഥിരമായ സ്നേഹം
തന്നെ ഭയപ്പെടുന്നവരുടെമേല്‍ എന്നെന്നും ഉണ്ടായിരിക്കും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: അങ്ങേ കൃപയുടെ വാതില്ക്കല്‍ മുട്ടിവിളിക്കുന്നവര്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്ന കര്‍ത്താവേ, പ്രശാന്തമായ സായംകാലവും ആശ്വസപ്രദമായ രാത്രിയും പ്രതീക്ഷാനിര്‍ഭരമായ പ്രഭാതവും സത്പ്രവൃത്തികള്‍ നിറഞ്ഞ ദിവസവും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതകാലം മുഴുവും അങ്ങയെ പ്രസാദിപ്പിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(താഴെ കൊടുത്തിരിക്കുന്ന സ്ലോസാകള്‍ ഓരോന്നു ഓരോരുത്തര്‍ക്ക് ചൊല്ലാവുന്നതാണ്)

ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ, നിന്‍റെ അനുഗ്രഹാശിസ്സുകള്‍ നിന്‍റെ ജനതിന്മേല്‍ ഉണ്ടാകുമാറാകട്ടെ. ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ നിന്‍റെ കരുണ എപ്പോഴും ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കുന്നവനും ഞങ്ങളുടെ നല്ല ശരണവും കരുണ നിറഞ്ഞ അഭയവും സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

പിതാവിന്‍റെ സമാധാനം നമ്മോടുകൂടെയും പുത്രന്‍റെ സ്നേഹം നമ്മുടെ ഇടയിലും ഉണ്ടായിരിക്കട്ടെ. തന്‍റെ തിരുവിഷ്ടംപോലെ റൂഹാദക്കുദിശാ നമ്മെ നയിക്കട്ടെ. അവന്‍റെ കരുണയും ദയയും നമ്മുടെമേല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്‍റെ സമാധാനം ഞങ്ങളില്‍ വസിക്കട്ടെ. നിന്‍റെ ശാന്തി ഞങ്ങളെ ഭരിക്കട്ടെ. നിന്‍റെ സ്നേഹം ഞങ്ങളുടെ ജീവിതകാലം മുഴുവനും ഞങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരട്ടെ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്‍റെ വലതുകരത്താല്‍ ഞങ്ങളെ രക്ഷിക്കേണമേ, നിന്‍റെ സഹായം ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്‍റെ നിലനില്‍ക്കുന്ന സ്നേഹവും സമാധാനവും ജ്ഞാനതൃഷ്ണയും ജീവനും സന്തോഷവും ഞങ്ങള്‍ക്കു തരേണമേ. ഞങ്ങള്‍ക്കാവശ്യമായിരിക്കുന്നവ ഒരിക്കലും കുറയാന്‍ അനുവദിക്കരുതേ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്‍റെ അജഗണത്തിന്‍റെ രക്തത്തിനായി ദാഹിക്കുന്ന ചെന്നായ്ക്കള്‍ ഞങ്ങളെ ഉപദ്രവിയ്ക്കാതെ, തോഴുത്തിന്‍ മുറ്റത്തു വസിക്കുന്ന ഉറങ്ങാത്ത കാവല്‍ക്കാരനായിരിക്കേണമേ. എന്തുകൊണ്ടെന്നാല്‍ അങ്ങു കുറയാത്ത സ്നേഹത്തിന്‍റെ സമുദ്രമാകുന്നു. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ദ്ഉദ്റാനാ

കാര്‍മ്മി: കര്‍ത്താവേ, അങ്ങേ മഹത്വമേറിയ ത്രിത്വത്തിന്‍റെ നിഗൂഢമായ ശക്തിയും, അനന്തമായ അനുഗ്രഹവും നിരന്തരമായ സഹായവും ഞങ്ങള്‍ക്കു ലഭിക്കുമാറാകട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷയും മാര്‍ യൗസേപ്പിന്‍റെയും വിശുദ്ധ ശ്ലീഹന്മാരുടെ പ്രാര്‍ത്ഥനകളും ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെയും മാര്‍ ഗീവര്‍ഗീസിന്‍റെയും മറ്റു വേദസാക്ഷികളുടെയും ഞങ്ങളുടെ ഇടവകയുടെ മദ്ധ്യസ്ഥനായ (മദ്ധ്യസ്ഥയായ) വിശുദ്ധ ....യും മറ്റു സകല വിശുദ്ധരുടെയും മല്പാന്മാരുടെയും മധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. അവ ഞങ്ങള്‍ക്ക് അഭയവും സഹായവും ദുഷ്ട്പിശാചിലും അവന്‍റെ സൈന്യങ്ങളിലുംനിന്നും സംരക്ഷണവും നല്‍കി നിത്യഭാഗ്യത്തി ലേയ്‌ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ഹൂത്താമ്മാ

കാര്‍മ്മി: നിത്യപിതാവിന്‍റെ പ്രകാശമായ മിശിഹായേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങേ നീതിമാന്മാരുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും പീഡകളില്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. അങ്ങേയുടെ മനോജ്‌ഞമായ പ്രകാശത്തിലേക്ക് ഞങ്ങളെ നയിക്കുകയും ജീവിതത്തിലുണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളില്‍ നിന്നും മാര്‍ സ്ലീവായുടെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കയും ചെയ്യണമേ. ഇപ്പോഴും † എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍

(സമാധാനം ആശംസിക്കുകയും, 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ'
എന്ന് പരസ്പരം ചൊല്ലുകയും ചെയ്യുന്നു. )


Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking. Transliteration by Microsoft