ബുധന്‍, 22 ഫെബ്രുവരി 2012

logo

അതിനാല്‍‍, ഞാന്‍ പറയുന്നു: പ്രാര്‍ത്ഥിയ്‌ക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍‍; നിങ്ങള്‍ക്കു ലഭിയ്‌ക്കുകതന്നെ ചെയ്യും (മര്‍‍. 11:24)


ഖാലാ ദ്‌ശഹറാ

(”വെളുപ്പാന്‍കാലജപം” എന്നാണു് “ഖാലാ ദ്‌ശഹറാ” എന്ന സുറിയാനി പദത്തിനര്‍ത്ഥം. സീറോ-മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനാക്രമപ്രകാരം വെളുപ്പിന് 3 മണിക്ക് ചൊല്ലേണ്ട പ്രാര്‍ത്ഥനകളാണിവ.)

 

പൊതുക്രമം
(ഖന്‍കേയുടെ വിരി തുറക്കുന്നില്ല; ബേമ്മായിലെ സ്ലീവായുടെ ഇരുവശങ്ങളിലുമുള്ള തിരികള്‍ കത്തിക്കുന്നു. ചന്ദനത്തിരികള്‍ കത്തിച്ചോ ധൂപകലശത്തില്‍ കുന്തുരുക്കമിട്ടോ ധുപാര്‍പ്പണം നടത്തുന്നതും ഉചിതമായിരിക്കും)

മ്ശം: നമുക്കു പ്രാര്‍ത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ, നിന്‍റെ സ്തുത്യര്‍ഹമായ തിരുവിഷ്ടമനുസരിച്ച് നിന്‍റെ മുന്‍പാകെ ഉണര്‍വോടും ഉത്സാഹത്തോടും നീതിയോടും പരമാര്‍ത്ഥതയോടും നിര്‍മ്മലതയോടും കൂടി കളങ്കമില്ലാതെ ശുശ്രൂഷചെയ്യുവാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളുടെ ശുശ്രൂഷ നിന്നെ പ്രസാദിപ്പിക്കട്ടെ; ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിനക്ക് പ്രീതിജനകമാകട്ടെ; ഞങ്ങളുടെ യാചനകള്‍ നിന്‍റെ മഹത്ത്വത്തിനും അഭ്യര്‍ത്ഥനകള്‍ രമ്യതയ്ക്കും കാരണമാകട്ടെ. ദൈവമായ നിന്‍റെ കാരുണ്യവും കൃപയും നിന്‍റെ ജനത്തിന്‍റെ കടങ്ങളുടെ മോചനത്തിനും നീ കാരുണ്യപൂര്‍വ്വം തെരഞ്ഞെടുത്ത അജഗണത്തിന്‍റെ മുഴുവന്‍ പാപങ്ങളുടെ പൊറുതിയ്ക്കും നിദാനമാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

സമൂ: ആമ്മേന്‍.

 

കാലത്തിന്‍റെ സങ്കീര്‍ത്തനം, തെശ്ബൊഹ്ത്താ, കാറോസൂസാ (ഇപ്പോള്‍ പള്ളിക്കൂദാശക്കാലം):

മ്‌ശം: (സങ്കീ 87) സെഹിയോന്‍റെ കവാടങ്ങള്‍ കര്‍ത്താവിന് പ്രിയങ്കരങ്ങളാണ്; / വിശുദ്ധ ഗിരിയിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്. / ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

സമൂ: (രണ്ടു ഗണമായി) സെഹിയോന്‍റെ കവാടങ്ങള്‍ കര്‍ത്താവിന് പ്രിയങ്കരങ്ങളാണ്; / വിശുദ്ധ ഗിരിയിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്.
യാക്കോബിന്‍റെ കൂടാരങ്ങളെക്കാള്‍ / അത് മനോഹരമാകുന്നു
ദൈവത്തിന്‍റെ നഗരമേ, / നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു.
എന്‍റെ പരിചിതരായി റാഹാബിനെയും ബാബേലിനെയും / ഞാന്‍ അനുസ്മരിക്കും.
പ്ല്ശ്‌ത്ത്, സോര്‍, കൂശായ നിവാസികള്‍ പറയുന്നു: / "ഇതാ ഞാന്‍ അവിടെ ജാതനായി".
സെഹിയോനെപ്പറ്റി പറയപ്പെടും: / ധീരനായവന്‍ അവിടെ ജനിച്ചിരിക്കുന്നു: / അവനാണ് അവളെ സ്ഥാപിച്ചത്.
കര്‍ത്താവ് തന്‍റെ ജനത്തിനുവേണ്ടിയുള്ള പുസ്തകത്തില്‍ / ഇവന്‍ അവിടെ ജനിച്ചുവെന്ന് രേഖപ്പെടുത്തും.
നിന്നില്‍ നിവസിക്കുന്ന പ്രഭുക്കളും പാവപ്പെട്ടവരും, / ഒരുമിച്ച് സന്തോഷിക്കുകയും ചെയ്യും.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി /  ആദിമുതല്‍ എന്നേക്കും ആമ്മേന്‍.

മ്‌ശം: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

 

തെശ്‌വൊഹ്‌ത്താ (സ്തുതി ഗീതം)
(രീതി: അല്‍മദ്ബഹ്ഖുദ്ശാ... മര്‍ത്യമനീഷയതിന്‍.... )


സഭയേ ഭാഗ്യവതീ കീര്‍ത്തന ഗീതികളാല്‍
നാഥനു സ്തുതി പാടൂ ബഹുമതിയവനേകൂ

നിന്നില്‍ സംപ്രീതന്‍ ബാവായാം ദൈവം
എകി നിനക്കായി രൂപം കനിവോടെ

നിന്‍റെ അടിസ്ഥാനം പൂര്‍ത്തിതമാക്കിയതും
പുത്രന്‍ ദൈവം താന്‍ സ്തുതിയവനേകൂ നീ

നിന്നിലിറങ്ങിയവന്‍ പാറഖ്ലേഥായോ
ശുദ്ധി നിനക്കേകാന്‍ നിന്നില്‍ കുടികൊണ്ടു.

നിന്നില്‍ വിശ്വാസം ദൃഡമാക്കീടാനായ്
വൈദികവൃന്ദത്തെ നാഥന്‍ നിയമിച്ചു.

നിന്നുടെ മക്കള്‍തന്‍ പാപം പോക്കീടാന്‍
ദിവ്യരഹസ്യങ്ങള്‍ കനിവോടവനേകി.

തന്‍നിണഗാത്രങ്ങള്‍ ഘോഷിച്ചീടാനായി
നിര്‍മ്മല ബലിപീഠം നിന്നില്‍ സ്ഥാപിച്ചു.

തിരുനിണഗാത്രങ്ങള്‍ പങ്കിട്ടേകീടാന്‍.
നിന്നുടെ മക്കളെയോ നിയമിച്ചാക്കിയവന്‍

വിണ്ണിന്‍ ഭാഗ്യത്തിന്‍ മധുരം നുകരാനായ്
നല്‍കി സഭയ്ക്കായി കരുണാവര്‍ഷമവന്‍.

ബാവായ്ക്കെന്നതുപോല്‍ സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ ഇപ്പോഴുമെന്നേക്കും.


കാറോസൂസാ (പ്രഘോഷണപ്രാര്‍ത്ഥന)

മ്‌ശം: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും പ്രത്യാശയോടും (സാധാരണ ദിവസങ്ങളില്‍ : അന്നുതാപത്തോടും ഭക്തിയോടും) കൂടെ നിന്ന് "കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ" യെന്നുപ്രാര്‍ത്ഥിക്കാം.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: നിന്‍റെ  സഭയെ വിഗ്രഹാരാധകരില്‍നിന്ന് രക്ഷിക്കുകയും അവളെ മാലാകമാരുടെ വാസഥലമായ സ്വര്‍ഗ്ഗത്തിന്‍റെ പ്രതിച്ഛായയാക്കിത്തീര്‍ക്കുകയും ചെയ്ത മിശിഹായേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: നിന്‍റെ വിലയേറിയ ശരീരത്താലും രക്തത്താലും സഭയെ വധുവാക്കിത്തീര്‍ക്കുകയും മാമ്മോദീസായാല്‍ വിശുദ്ധീകരിക്കുകയും കൃപയാല്‍ രക്ഷിക്കുകയും നിന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് വാസസ്ഥാനവും അഭയവുമാക്കി അവളെ രൂപാന്തരപ്പെടുത്തുകയും ചെയ്ത മിശിഹായേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: നിന്‍റെ ഭവനമായ സഭയിലേയ്ക്ക് കടന്നുവരുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരുടെയും പാര്‍ത്ഥനകളും യാചനകളും സ്വീകരിക്കപ്പെടുമെന്ന് ഞങ്ങളെ പഠിപ്പിച്ച മിശിഹായേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: നിന്‍റെ വിശുദ്ധസഭയെ നിന്‍റെ സ്നേഹത്താല്‍ വധുവാക്കി ഉയര്‍ത്തുകയും നശിച്ചുപോകാത്ത സ്ത്രീധനവും അഴിഞ്ഞു പോകാത്ത വാഗ്ദാനവും അവള്‍ക്ക് നല്കുകയും ചെയ്ത മിശിഹായേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: നിന്‍റെ വിശുദ്ധ സഭയ്ക്ക് വിശുദ്ധസ്ലീവാവഴി ദുഷ്ടന്‍റെയും അവന്‍റെ കുടിലതകളുടേയുംമേല്‍ വിജയംനല്‍കുകയും പാഷണ്ഡതകളെയും ശീശ്മകളെയും നിര്‍മ്മാര്‍ജ്ജനം ചെയ്ത്, ധീരതയോടെ നിനക്ക് സാക്ഷ്യം വഹിക്കുവാന്‍ അവളെ ശക്തയാക്കുകയും ചെയ്ത മിശിഹായേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: സ്വര്‍ഗ്ഗീയ ഓറശ്ലേമിന്‍റെ ഛായയില്‍ ഭൂമിയില്‍ സഭയെ ഒരുക്കുകയും സ്വര്‍ഗ്ഗീയ വിരുന്നുശാലയില്‍ അവളുടെ സ്ഥാനം ഉയര്‍ത്തുകയും അവള്‍ക്ക് ഉന്നതമായ സ്ഥാനം നല്‍കുകയും ചെയ്ത മിശിഹായേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: മിശിഹായുടെ സഭ മുഴുവന്‍റെയും തലവനും പിതാവുമായ മാര്‍....... പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാര്‍.......... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനും പിതാവുമായ മാര്‍....... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ മേലദ്ധ്യക്ഷനും പിതാവുമായ മാര്‍..... മെത്രാപ്പോലീത്തായ്ക്കും  (മെത്രാനും) മറെല്ലാ വൈദികമേലദ്ധ്യക്ഷന്മാര്‍ക്കും അവരുടെ സഹശുശ്രൂഷകര്‍ക്കുംവേണ്ടി കര്‍ത്താവേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: സ്വര്‍ഗ്ഗത്തില്‍ സ്തുതിക്കപ്പെടുന്നവനും ഭൂമിയില്‍ ആരാധിക്കപ്പെടുന്നവനുമായ കര്‍ത്താവേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: കാരുണ്യവാനും അനുഗ്രഹസമ്പന്നനുമായ മിഴിഹായേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

 

മ്‌ശം: വിജയശ്രീലാളിതനായ രാജാവായിരിക്കുന്ന ഞങ്ങളുടെ കര്‍ത്താവേ, നിന്‍റെ വിലയേറിയ രക്തത്താല്‍ നീ വീണ്ടെടുത്ത നിന്‍റെ സഭയെ രക്ഷിക്കുകയും നിന്‍റെ സത്തയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ നിന്നും നിന്‍റെ മനുഷ്യത്വത്തെ നിരസിക്കുന്ന ചിന്താധാരകളില്‍ നിന്നും അവളെ മോചിപ്പിക്കുകയും ഞങ്ങളുടെമേല്‍ കരുണയായിരിക്കുകയും ചെയ്യണമേ.

സമൂ: ആമ്മേന്‍

മ്ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: കര്‍ത്താവായ മിശിഹായേ, നിന്‍റെ നിയമത്തില്‍ ഞങ്ങളെ ജ്ഞാനികളാക്കണമേ. നിന്‍റെ ജ്ഞാനത്താല്‍ ഞങ്ങളുടെ മനസ്സിനെ ജ്വലിപ്പിക്കണമേ. നിന്‍റെ സത്യത്താല്‍ ഞങ്ങളുടെ ആത്മാക്കളെ വിശുദ്ധീകരിക്കണമേ. അങ്ങനെ ഞങ്ങള്‍ എപ്പോഴും നിന്‍റെ വചനങ്ങള്‍ പാലിക്കുന്നവരും കല്പനകള്‍ അനുസരിക്കുന്നവരുമാകട്ടെ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേന്‍.

 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking. Transliteration by Microsoft