ദേവേശാ! യേശുപരാ

ദേവേശാ! യേശുപരാ!
ജീവനെനിക്കായ്‌ വെടിഞ്ഞോ?
ജീവനറ്റ പാപികള്‍ക്കു
നിത്യജീവന്‍ കൊടുപ്പാനായ്‌ നീ മരിച്ചോ? (ദേവേശാ..)

ഗദശമന പൂവനത്തില്‍
അധികഭാരം വഹിച്ചതിനാല്‍
അതിവ്യഥയില്‍ ആയിട്ടും
താതനിഷ്ടം നടപ്പതിന്നനുസരിച്ചോ? (ദേവേശാ..)

അന്നാസിന്‍ അരമനയില്‍
മന്നവ നീ വിധിക്കപ്പെട്ടോ?
കന്നങ്ങളില്‍ കരങ്ങള്‍ കൊണ്ട്
മന്നാ നിന്നെ അടിച്ചവര്‍ പരിഹസിച്ചോ? (ദേവേശാ..)

പീലാത്തോസധിപതിയും
വിലമതിച്ചു കുരിശേല്‍പ്പിച്ചു
തലയില്‍ മുള്ളാല്‍ മുടിയും വച്ചു
പലര്‍ പല കേടുകള്‍ ചെയ്തു നിന്നെ (ദേവേശാ..)

ബലഹീനനായ നിന്നെ
വലിയ കൊലമരം ചുമത്തി
തലയോടിട മലമുകളില്‍
അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ (ദേവേശാ..)

തിരുക്കരങ്ങള്‍ ആണികൊണ്ട്
മരത്തോടു ചേര്‍ത്തടിച്ചു
ഇരുവശത്തും കുരിശുകളില്‍
ഇരുകള്ളര്‍ നടുവില്‍ നീ-മരിച്ചോ ദേവാ (ദേവേശാ..)

നിന്‍ മരണം കൊണ്ടെന്റെ
വന്‍ നരകം നീയകറ്റി
നിന്‍ മഹത്വം തേടിയിനി
എന്റെ കാലം കഴിപ്പാനായരുള്‍ക കൃപ (ദേവേശാ..)