താരകശോഭയാല്‍ പ്രസന്നമാം

താരകശോഭയാല്‍ പ്രസന്നമാം അന്നൊരു രാവിലാ ബെത്ലഹേമില്‍
ആട്ടിടയര്‍ കാവല്‍ കാത്ത നേരം മാലാഖമാരൊരു ഗാനം പാടി
മാലോകര്‍ക്കാമോദം നല്‍കും ഗാനം ദേവസുതനിന്നു ജാതനായി
ആനന്ദഗീതങ്ങള്‍ യേശുവിന്‍ നാമത്തില്‍ പാടിടാം ഈ സുദിനെ

ആ... ആനന്ദഗീതങ്ങള്‍ പാടും ഞാന്‍
ആ... ആനന്ദഗീതങ്ങള്‍ പാടും ഞാന്‍
ഹോശന്ന ഹോശന്ന പാടിടും ഞാന്‍ ക്രിസ്മസിന്‍ സന്തോഷം പാടിടും ഞാന്‍
ജയജയ ഗീതം പാടിടും ഞാന്‍ ദൈവത്തിന്‍ പുത്രനായ്‌ ജാതനാം രാജനു
ജയ ജയ ഗീതം ജയജയ ഗീതം പാടിടാം ഈ സുദിനേ

അത്ഭുത ദീപം പോല്‍ വന്നുദിച്ച നക്ഷത്രത്താല്‍ ആകര്‍ഷിതരായി
പൊന്നു മൂരു കുന്തുരുക്കവുമായ്‌ രാജാക്കന്മാര്‍ നിന്നെ കാണ്മതിനായ്‌
ദാവീദിന്‍ നഗരിയില്‍ തേടി വന്ന് ആദരവോടെ വണങ്ങിയല്ലോ
ആനന്ദഗീതങ്ങള്‍ യേശുവിന്‍ നാമത്തില്‍ പാടീടാം ഈ സുദിനേ (ആ.. ആനന്ദ..)

മേദിനിയില്‍ പ്രീതി നല്‍കുവാനായ് സ്നേഹത്തിന്‍ ദൂതുമായ്‌ വന്ന ദേവാ
സ്വര്‍ഗ്ഗസന്തോഷങ്ങള്‍ കൈവെടിഞ്ഞു പാപികളാം ഞങ്ങള്‍ക്കാശ്രയമായ്‌
കന്യകമേരിയില്‍ നന്ദനനായ്‌ ജാതം ചെയ്തതിനാല്‍ മോദമായി
ആനന്ദഗീതങ്ങള്‍ യേശുവിന്‍ നാമത്തില്‍ പാടീടാം ഈ സുദിനേ (ആ.. ആനന്ദ..)