കര്‍ത്താവേ കൃപ ചെയ്യണമേ

കര്‍ത്താവേ കൃപ ചെയ്യണമേ മഹിതമതാം നിന്‍ ഹാശായാല്‍
നിന്‍ ഹാശായില്‍ ചേര്‍ന്നടിയാര്‍ നേടണമവകാശം രാജ്യേ
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്‌

മറിയം തരുസവിധേ ചെന്നു ഗോഗുല്‍ത്തായില്‍ തല താങ്ങി
സങ്കട ദയനീയധ്വനിയോടേകാത്മജനെ പ്രതി കേണാള്‍
തരുവില്‍ തൂക്കിയ സുതനെക്കണ്ടതിദുഃഖം കണ്ണീര്‍ ചിന്തി
ഇടറിയ സങ്കടനാദത്തോടെബറായിലേവം ചൊന്നാള്‍
സഖികളുമവളൊപ്പം കേണൂ കഷ്ടതയും വ്യഥയും പൂണ്ടു
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്‌

നിലവിളിയൊടു മറിയാം ചൊന്നാള്‍ മൂകപ്രതികളിളകുന്നു
മകനേ!! നാലതിരും ചുറ്റി തിരുവധമെന്ന വിരുന്നിന്നായ്‌
സകലരെയും ചേര്‍പ്പാന്‍ നാഥാ ഗരുഡത്വമെനിക്കാരേകി?
നിന്‍ കബറേറ്റത്താലിന്നാള്‍ കേഴുന്നേന്‍ മോദിക്കുന്നേന്‍
വിഗതസമൂഹത്താല്‍ ദുഃഖം രക്ഷിതസഭയാലാനന്ദം
നിന്‍ കല്ലറ മണവറ തുല്യം മകനേ നീയതില്‍ മണവാളന്‍
മൃതി പൂണ്ടോര്‍ തോഴന്മാരായ്‌ വാനവരൊപ്പം വാഴുന്നു
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്‌

കേണോതീ മറിയാം "ശാന്താ! നിന്നോടാര്‍ക്കീ വൈരാഗ്യം?"
ഉന്മാദിനി സീയോന്‍ നിന്നില്‍ കണ്ടെന്തിഹ നിന്‍ സ്കീപ്പയ്ക്കായ്‌?
മിസറേമീന്നവളെ വീണ്ടു വന്‍കടല്‍ തരണം ചെയ്യിച്ചു
സൌഖ്യം രോഗാര്‍ത്തര്‍ക്കേകി.. പൂര്‍ണ്ണസുഖം വാതാര്‍ത്തര്‍ക്കും
ക്രൂശകികള്‍ക്കായി പകരം ദുഷിയും ദുഷ്ടതയും നല്‍കി
പകരം ജാതികള്‍ മദ്ധ്യേയീ സംഘത്തെ മഴു ചിതറിക്കും
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്‌

സൃഷ്ടികളേ വിലപിച്ചിടുവിന്‍ തരുവില്‍ തൂക്കിയ നാഥന്നായ്‌
നീക്കുക ദിനകര കതിരുകളെ നാഥാക്ഷേപം മറവാക്കാന്‍
പാതാളസ്ഥരെ ദര്‍ശിപ്പാന്‍ നിര്‍മ്മാതാവു ഗമിക്കുന്നോ-
രിരുളില്‍ താണുദയം ചെയ്ക ജീവദനെന്നവരോതീടും
നാഥസുതന്‍ ദുഷിവേല്‍പ്പതിനാല്‍ ഞെട്ടി വിറക്കുക ഭൂതലമേ!
സീയോന്‍ സുതരാം വൈരികള്‍ താന്‍ നിന്‍ ദയ വീട്ടുക
നിഹനിച വലഞ്ഞിഹമീ ഖല്യേലെ..
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്‌

എങ്ങിഹ ഗബറിയേലേ നിന്‍ ജ്വാല ഭീകരവൈരാഗ്യം
സ്കീപ്പമേല്‍ നാഥന്‍ നഗ്നന്‍ നിന്‍ ചിറകെന്തിളകുന്നില്ല?
പെരുനാളത്തൊരു സീയോനേപ്രതിമന്ദിരമേ! വിലപിക്ക
റൂഹ വാതില്‍ മറ കീറി നിന്നെ വെടിഞ്ഞിഹ പോയ്പ്പോയ്‌
മൂക പ്രകൃതികള്‍ വാഴ്ത്തീടും പ്രകൃതിക്കുടയോനേ സ്തോത്രം
തിരുവുള്ളമായ് ഭൌമികര്‍ കുറ്റം ചാര്‍ത്തിയ നാകപതേ സ്തോത്രം
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്‌

വാനവുമാഴവുമേല്‍ക്കുമ്പോള്‍ തരുവേറ്റോനേ! സ്തോത്രം
ഭൂസീമകളെ വഹിക്കുമ്പോള്‍ കബറിലമര്‍ന്നോനേ സ്തോത്രം
നിന്‍ സ്ലീബയാല്‍ രക്ഷിതരാം സൃഷ്ടികളില്‍ നിന്നും സ്തോത്രം
നിന്‍ പ്രഭയങ്ങു പരന്നതിനാല്‍ മൃതലോകം വാഴ്ത്തും നിന്നെ
ആയിരമൊടു പതിനായിരമായ്‌ സ്തുതി-മഹിമകളേകീടുന്നു
സ്തുതി നിന്‍ പ്രേഷകതാതന്നു റൂഹ്ക്കുദിശക്കു നമസ്ക്കാരം
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്‌ (കര്‍ത്താവേ..)