എന്നമ്മയെനിക്ക് ജന്മം

എന്നമ്മയെനിക്ക് ജന്മം നല്‍കിയ നിമിഷം
പ്രാര്‍ത്ഥനയോടച്ഛന്‍ കാത്തിരുന്നു
ആദ്യമായെന്നെ കൈകളിലേന്തിയെന്‍
നെറ്റിയില്‍ മുത്തമിട്ടാനന്ദക്കണ്ണീരോടെ (2)

കുഞ്ഞായിരിക്കുമ്പോള്‍ തോളിലേറ്റി
കുര്‍ബ്ബാന കാണാന്‍ കൊണ്ടു പോകും
ആദ്യമായീശോയെ കാണിച്ചു തന്നപ്പോള്‍
ഈശോയ്ക്കച്ഛന്റെ ഛായ തോന്നി
കുഞ്ഞിളം പാദത്തില്‍ ബലമേറി വന്നപ്പോളെ-
പ്പഴോ തള്ളിപ്പറഞ്ഞു
അച്ഛനും മക്കളും പിരിയുന്ന വേളയില്‍
അമ്മ തന്‍ നൊമ്പരം ഞാനറിഞ്ഞീല
അന്നെന്‍ അമ്മയ്ക്ക് മാതാവിന്‍ ഛായ തോന്നി (എന്നമ്മ..)

തോല്‍പിച്ചു നേടിയതൊക്കെയും ശാശ്വത-
മല്ലെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു
ക്രൂരമായ്‌ വേദനിപ്പിച്ചൊരാ ഹൃദയത്തെ
ചോരത്തിളപ്പിലന്നറിഞ്ഞില്ല ഞാന്‍
തഴുകിയ കൈകളില്‍ കൂരമ്പാണിയും
സ്നേഹിച്ച ഹൃദയത്തിന്‍ വാള്‍ മുനയും
എല്ലാം മറന്നെനിക്കോടി വന്നച്ഛന്റെ
മാറിലേക്കൊരു വേള തല ചായ്ക്കണം
എന്റെ ഈശോയും അതു കണ്ടാനന്ദിക്കും (എന്നമ്മ..)