നിനക്കായെന്‍ ജീവനെ

നിനക്കായെന്‍ ജീവനെ മര-
ക്കുരിശില്‍ വെടിഞ്ഞെന്‍ മകനേ (2)
ദിനവുമിതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കണ്മണിയേ? (2) (നിനക്കായെന്‍..)

വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍
അഖിലവും നിന്നെ കരുതി (2)
നിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി-
ന്നടിമവേഷം ഞാനെടുത്തു (2) (നിനക്കായെന്‍..)

വലിച്ചു കാല്‍കരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി (2) ഒട്ടും
അലിവില്ലാതടിച്ചിറക്കിയേ രക്തം
തെറിക്കുന്നെന്റെ കണ്മണിയേ (2) (നിനക്കായെന്‍..)

ഒരിക്കലും എന്റെ പരമ സ്നേഹത്തെ
മറക്കാമോ നിനക്കോര്‍ത്താല്‍? (2)
നിന്മേല്‍ കരളലിഞ്ഞു ഞാന്‍ ഇവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു (2) (നിനക്കായെന്‍..)