പ്രസവത്തിനുള്ള പ്രാര്‍ത്ഥന

പ്രസവവേദന അനുഭവിക്കുന്നവര്‍ക്കു വേണ്ടി മറ്റാളുകളുടെ പ്രാര്‍ത്ഥന

നീതിയും ദയയുമുള്ള നിത്യ സര്‍വ്വേശ്വരാ! ആദിമാതാവായ ഹാവാ അങ്ങേ തിരുക്കല്പനയ്ക്കു വിരോധമായി ചെയ്ത പാപത്തെപ്രതി അവരും സകല സ്ത്രീജനങ്ങളും അതിയായ വേദനയോടുകൂടെ പ്രജയെ പ്രസവിപ്പാന്‍ കല്പിച്ചരുളിയ പ്രകാരം ഈ സ്ത്രീയും ഇവളുടെ വയറ്റില്‍ അങ്ങേ കൃപയാല്‍ ഉത്ഭവിച്ച പ്രജയും മഹാവ്യസനം അനുഭവിക്കുന്നതിനാല്‍, കരുണാ സമുദ്രമായ പിതാവേ, അങ്ങുന്ന് കൃപാകടാക്ഷത്താല്‍ ഇവളെ നോക്കി, അങ്ങേ തിരുക്കുമാരന്റെ പരിശുദ്ധ മാതാവ് ഒരല്പം സങ്കടവുമില്ലാത്ത അത്ഭുതമായി ദിവ്യ ഉണ്ണിയെ പ്രസവിപ്പാന്‍ അങ്ങുന്ന് തിരുമനസ്സായതുപോലെ; ആ അമലോത്ഭവയായ കന്യകാമറിയത്തിന്റെ യോഗ്യതകളാലും അപേക്ഷകളാലും ഈ സ്ത്രീയുടെമേല്‍ അനുഗ്രഹിച്ച്, ഇവള്‍ അനുഭവിക്കുന്ന കഠിനവേദനയെ നീക്കി രക്ഷിച്ചരുളണമേ. കര്‍ത്താവേ! ഇവള്‍ സൗഖ്യത്തോടുകൂടെ പ്രജയെ പ്രസവിച്ചശേഷം അങ്ങേ സ്തുതിപ്പാന്‍, ദേവാലയത്തില്‍ പോകുന്നതിനും പ്രസവിച്ച കുഞ്ഞിനെ മാമ്മോദീസായില്‍ അങ്ങേ ശുശ്രൂഷയ്ക്കായി വളര്‍ത്തുന്നതിനും കൃപ ചെയ്യണമേ.
ആമ്മേനീശോ.