നല്ലമരണത്തിനുള്ള നമസ്കാരം

ഈശോമിശിഹാ കര്‍ത്താവേ, എന്റെ ഉടയവനേ, എന്റെ രക്ഷിതാവേ, എന്റെ ശരണമേ, എന്റെ ആയുസ്സേ, എന്റെ മധുരമേ, എന്റെ ആത്മാവിനെയും ശരീരത്തെയും അങ്ങേ തിരുമുറിവുകളില്‍ കാഴ്ച വെയ്ക്കുന്നു. കുന്തത്താല്‍ തുറക്കപ്പെട്ട അങ്ങേ തിരുഹൃദയത്തില്‍ എന്റെ ആയുസ്സിനെയും മരണത്തെയും സമര്‍പ്പിക്കുന്നു. നിന്റെ പീഡകളുടെ യോഗ്യതയെ എന്നെ അനുഭവിപ്പിക്കണമേ. എന്റെ മരണമേരത്തില്‍ എന്നെ കൈവിടല്ലേ. സ്വര്‍ഗ്ഗത്തില്‍ അങ്ങേ പ്രത്യക്ഷദര്‍ശനമായി കാണുവാന്‍ ഞാന്‍ അഗ്രഹിക്കുന്നു. ആയതല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാവാ തമ്പുരാനേ, ഞാന്‍ ചെയ്ത പാപങ്ങളൊക്കെയും പൊറുത്തു കൊള്ളണമേ. പുത്രന്‍ തമ്പുരാനേ! എന്നെ രക്ഷിക്കണമേ. റൂഹാദക്കുദശാ തമ്പുരാനേ, എന്നെ ശുദ്ധമാക്കേണമേ. ശുദ്ധ ത്രിത്വൈക സര്‍വ്വേശ്വരാ! എന്നെ മോക്ഷഭാഗ്യം പ്രാപിപ്പിക്കേണമേ. നീ മാത്രം സത്യേകദൈവവും സകലത്തിനും ആദിയുമറുതിയും ആയിരിക്കുന്നതിനെക്കൊണ്ടു ഞാന്‍ നിന്നെ ആരാധിച്ചു സ്തുതിക്കുന്നു.

ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ പരിശുദ്ധ പിതാവേ, നിന്റെ ആനന്ദദര്‍ശനത്തിന്‌ എന്നെ വിളിച്ചരുളേണമേ. നിന്റെ തിരുനാമം എല്ലാ സൃഷ്ടികളിലും ശുദ്ധമാകപ്പെടട്ടെ. അടിയന്‍ അപേക്ഷിക്കുന്ന സ്വര്‍ഗ്ഗമെന്ന നിന്റെ രാജ്യം വരണമേ. നിന്റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ ഭൂമിയിലുമാകട്ടെ. ഞങ്ങളുടെ അന്നന്നെയപ്പമായ നിന്റെ സല്പ്രസാദഭോജനമാകുന്ന ശുദ്ധ കുര്‍ബാന എന്റെ മരണനേരത്തില്‍ അരൂപിക്കടുത്ത പ്രകാരമായിട്ടെങ്കിലും എനിക്കു തരുവാന്‍ കൃപ ചെയ്തരുളണമേ. മറ്റുള്ളവര്‍ എന്നോടു ചെയ്ത വിരോധങ്ങളൊക്കെയും അവരോടു ഞാന്‍ പൊറുക്കുന്നതു പോലെ ഞാന്‍ നിനക്കു വിരോധമായി ചെയ്ത പാപങ്ങളൊക്കെയും എന്നോടു പൊറുത്തുകൊള്ളണമേ. ഞങ്ങളെ പരീക്ഷയില്‍ ഉള്‍പ്പെടുത്താതെ ദുര്‍മ്മരണം, നരകം മുതലായ സകല തിന്മകളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ കര്‍ത്താവേ!

ശുദ്ധ മറിയമേ! തമ്പുരാന്റെ അമ്മേ, പാപിയായ എനിക്കുവേണ്ടി ഇപ്പോഴും പ്രത്യേകം എന്റെ മരണനേരത്തിലും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ. എന്നെ കൈവിടല്ലേ, എനിക്കു തുണയായിരിക്കേണമേ.

ശുദ്ധ യൗസേപ്പേ! മരിക്കുന്നവര്‍ക്കു ഉറപ്പായി ദൈവത്താല്‍ കല്പിക്കപ്പെട്ടവനെ, മരണനേരത്തില്‍ എന്നെ കാത്ത് ആദരിച്ചുകൊള്ളണമേ.

എന്നെ കാക്കുന്ന മാലാഖയേ! സകല സ്വര്‍ഗ്ഗവാസികളേ, എന്റെ മരണനേരത്തില്‍ ശത്രുവിന്റെ തട്ടിപ്പുകളൊക്കെയും ജയിക്കുവാന്‍ എനിക്കുവേണ്ടി തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമെന്നു നിന്നോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.