പ്രകാശം

( വ്യാഴാഴ്ച ദിവസം ചൊല്ലേണ്ട പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍ )ഒന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപകയോഹന്നാനില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച് സകല നീതിയും പൂര്‍ത്തിയാക്കിയതിനെപറ്റി ധ്യാനിയ്ക്കുന്ന ഞങ്ങള്‍ മാമ്മോദീസായില്‍ ലഭിച്ച ദൈവികജീവനും പ്രസാദവരവും കാത്തുസൂക്ഷിയ്ക്കുന്നതിനും പുണ്യ പ്രവൃത്തികളിലുടെ അവയെ പുഷ്ടിപ്പെടുത്തി ഉത്തമ ക്രിസ്ത്യാനികളായി മാതൃകാജീവിതം നയിക്കുന്നതിനും കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കാനായിലെ കല്യാണവിരുന്നില്‍ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്റെ അത്യാവശ്യത്തില്‍ അത്ഭുതകരമായ സഹായം നല്‍കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിയ്ക്കുന്ന ഞങ്ങളുടെ മാനുഷിക ജീവിതത്തെ ദൈവികചൈതന്യം കൊണ്ട് സ്വര്‍ഗ്ഗീയമാക്കിത്തീര്‍ക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിച്ചെയ്തുകൊണ്ട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവര്‍ത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിയ്ക്കുവാനും കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ താബോര്‍ മലയില്‍ വച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധീകരിക്കുവാനും സ്വര്‍ഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് തന്റെ ശരീരരക്തങ്ങള്‍ ഞങ്ങള്‍‌ക്ക് ആദ്ധ്യാത്മികഭക്ഷണമായി നല്‍കിയല്ലൊ. അത്ഭുതകരമായ ഈ അനന്തസ്നേഹത്തെക്കുറിച്ചു ധ്യാനിക്കുന്ന ഞങ്ങള്‍ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവികരായി രൂപാന്തരം പ്രാപിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം