സൃഷ്ടികളേ, സ്തുതി പാടുവിന്‍

സൃഷ്ടികളേ, സ്തുതി പാടുവിന്‍
നാഥനെ വാഴ്ത്തിടുവിന്‍
മഹിമകള്‍ തിങ്ങും ഇഹപരമേ, നിത്യം -
പാടിപ്പുകഴ്ത്തീടുവിന്‍

വാനിടമേ, ദൈവദൂതരേ,
നാഥനെ വാഴ്ത്തിടുവിന്‍
അംബരമേ, ജലസഞ്ചയമേ, നിത്യം -
പാടിപ്പുകഴ്ത്തീടുവിന്‍

ഉന്നതശക്തികളേവരും,
നാഥനെ വാഴ്ത്തിടുവിന്‍
പകലവനേ, വിണ്‍‍പനിമതിയേ, നിത്യം -
പാടിപ്പുകഴ്ത്തീടുവിന്‍

മിന്നും താരസമൂഹമേ,
നാഥനെ വാഴ്ത്തിടുവിന്‍
മഞ്ഞും മഴയും മാരുതനും, നിത്യം -
പാടിപ്പുകഴ്ത്തീടുവിന്‍

തീയും ചൂടും ശൈത്യവുമേ,
നാഥനെ വാഴ്ത്തിടുവിന്‍
ഹിമകണമേ, കാര്‍മേഘവുമേ, നിത്യം -
പാടിപ്പുകഴ്ത്തീടുവിന്‍