എന്തതിശയമേ! ദൈവത്തിന്‍ സ്നേഹം

എന്തതിശയമേ! ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ!
അതു ചിന്തയില്‍ അടങ്ങാ-സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍

ദൈവമെ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം!
എനിക്കാവതില്ലേ അതിന്‍ ആഴമളന്നിടാന്‍
എത്ര ബഹുലമഹോ!

ആയിരം ആയിരം നാവുകളാലതു
വര്‍ണ്ണിപ്പതിനെളുതോ!
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാധ്യമഹോ!

മോദമെഴും തിരുമാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന
ഏകജാതനാം യേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ!

പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്
സ്നേഹവാപിയെ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ച്യര്യം ഏറിടുന്നേ!

ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ
എന്നെ കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്ല്യമഹോ!