തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ,
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ,
ഈ ജീവിതമെന്തിനു നാഥാ

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നുചേര്‍ന്നാര്‍ത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍കാറ്റിലലിഞ്ഞു ഞാന്‍ പാടാം

അകലെയാകാശത്തു വിരിയുന്ന താരക
മിഴികളില്‍ നോക്കി ഞാനുയര്‍ന്നുപാടാം
വാനമേഘങ്ങളില്‍ ഒടുവില്‍ നീ എത്തുമ്പോള്‍
മാലാഖമാരൊത്തു പാടാം